പ്രതിഷേധക്കാരെ വെടിവച്ചാൽ ഇടപെടും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ വിലക്കയറ്റവിരുദ്ധ പതിഷേധങ്ങൾ ആളിക്കത്തുമ്പോൾ രാജ്യത്തെ ഭരണകൂടത്തിനു മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കു നേരേ ഭരണകൂടം അക്രമം അഴിച്ചുവിട്ടാൽ അമേരിക്ക അവരുടെ രക്ഷയ്‌ക്കെത്തുമെന്ന് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ ട്രംപ് ഇറാൻ ഭരണകൂടത്തിനു മുന്നറിയിപ്പു നൽകി.
''ഞങ്ങൾ തയ്യാറായിക്കഴിഞ്ഞു, പോകാൻ സജ്ജരാണ്,'' ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.
ഞായറാഴ്ച മുതൽ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ കുറഞ്ഞത് ഏഴു പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തലസ്ഥാനമായ ടെഹ്റാനിൽ ഞായറാഴ്ച കടയുടമകൾ തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. കറൻസിയിലെ കുത്തനെ ഇടിവ്, സാമ്പത്തിക സ്തംഭനം, ഉയർന്ന പണപ്പെരുപ്പം എന്നിവയെ തുടർന്നായിരുന്നു ഇത്. പടിഞ്ഞാറൻ ഇറാനിലെ ലോർദ്ഗൻ, മധ്യ പ്രവിശ്യയിലെ ഇസ്ഫഗാൻ എന്നീ നഗരങ്ങളിൽ സുരക്ഷാസേനയും സമരക്കാരും തമ്മിലുണ്ടായ സംഘർഷങ്ങളിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ചൊവ്വാഴ്ച വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തതോടെ പ്രതിഷേധം ശക്തമായി. പ്രതിഷേധങ്ങൾക്കിടെ വാണിജ്യസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ വിവിധ പ്രവിശ്യകളിലേക്ക് പ്രതിഷേധം വ്യാപിച്ചു. ചില പ്രതിഷേധങ്ങൾ സുരക്ഷാ സേനയുമായുള്ള ജീവഹാനികരമായ ഏറ്റുമുട്ടലുകളിലേക്ക് നയിച്ചതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടി, ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു, വാഹനങ്ങൾ കത്തിച്ചു. ചില സായുധ 'അക്രമികൾ' ഈ സംഘം മുതലെടുത്തതായും ഇറാനിലെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികൃതർ പിന്നീട് നിരവധി പേരിൽനിന്ന് തോക്കുകൾ പിടിച്ചെടുത്തതായും അവർ കൂട്ടിച്ചേർത്തു.
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയൻ സമ്പദ് വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഉപരോധത്തിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
Content Highlights: US President Trump warns Iran against using force on peaceful protesters. He states the US is ready to intervene if violence escalates. Read more about the ongoing protests.