ട്രംപിന്റെ വൻ നടപടി; ഇന്ത്യൻ വംശജനായ സിഇഒ ഉൾപ്പെടെ 17 പേരുടെ യുഎസ് പൗരത്വം റദ്ദാക്കുന്നു

വാഷിങ്ടൺ: വ്യാജരേഖ ചമച്ചും വിവരങ്ങൾ മറച്ചുവെച്ചും യു.എസ്. പൗരത്വം നേടിയെന്ന ആരോപണത്തിൽ ഇന്ത്യൻ വംശജനായ കമ്പനി സി.ഇ.ഒ ഉൾപ്പെടെ 17 പേരുടെ പൗരത്വം റദ്ദാക്കാൻ ഡോണൾഡ് ട്രംപ് ഭരണകൂടം നടപടി തുടങ്ങി. തെറ്റായ വിവരങ്ങൾ നൽകി പൗരത്വം നേടിയ വിദേശ വംശജരെയും ഗുരുതരമായ ലൈംഗിക-അക്രമ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെയുമാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൗരത്വ റദ്ദാക്കൽ നടപടികളിലൊന്നാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വ്യാജരേഖകൾ ചമച്ചും വിവരങ്ങൾ മറച്ചുവെച്ചും പൗരത്വം നേടിയ 17 പേർക്കെതിരെ പൗരത്വം റദ്ദാക്കാനുള്ള നിയമനടപടികൾ ആരംഭിച്ചതായി യു.എസ്. നീതിന്യായ വകുപ്പ് അറിയിച്ചു. വ്യാജരേഖകൾ സൃഷ്ടിച്ചവർക്ക് പുറമേ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക തട്ടിപ്പുകൾ, കുടിയേറ്റ തട്ടിപ്പുകൾ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരാണ് ഈ പട്ടികയിലുള്ളതെന്ന് വകുപ്പ് വ്യക്തമാക്കി.
ന്യൂജേഴ്സി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമയും സി.ഇ.ഒയുമായ ഇന്ത്യൻ വംശജനായ വ്യവസായി നീരജ് ശർമ (50)യും പട്ടികയിലുണ്ട്. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനത്തിൽ വിദേശ ജീവനക്കാർക്ക് ജോലി നൽകാനെന്ന വ്യാജേന 11 എച്ച്-1ബി വിസ അപേക്ഷകളിൽ നീരജ് ശർമ ഒപ്പുവെച്ചു സമർപ്പിച്ചതായാണ് നീതിന്യായ വകുപ്പിന്റെ കണ്ടെത്തൽ. കമ്പനി എക്സിക്യൂട്ടീവുകളുടെ വ്യാജഒപ്പുകളും വ്യാജരേഖകളും നിർമിച്ചാണ് ഇയാൾ ഈ അപേക്ഷകൾ തയ്യാറാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന് പുറമേ, 2017-ൽ പൗരത്വത്തിനായി അപേക്ഷിക്കുമ്പോൾ തെറ്റായ വിവരങ്ങൾ നൽകി എന്ന കുറ്റവും ഇയാളുടെ പേരിൽ കുറ്റം ചുമത്തിയിട്ടുണ്ട്. താൻ ഇതുവരെ അറസ്റ്റ് ചെയ്യപ്പെടാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും തെറ്റായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും കുടിയേറ്റ ആനുകൂല്യങ്ങൾക്കായി കള്ളം പറഞ്ഞിട്ടില്ലെന്നും ഇയാൾ സത്യപ്രസ്താവന നടത്തിയിരുന്നു. തുടർന്ന് 2017 ഡിസംബറിലാണ് ഇയാൾക്ക് പൗരത്വം ലഭിക്കുന്നത്.
എന്നാൽ 2015-നും 2017-നും ഇടയിൽ നടത്തിയ വിസാതട്ടിപ്പുകളുമായി ബന്ധപ്പെട്ട് നീരജ് ശർമ പിന്നീട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങൾ നൽകി പൗരത്വം നേടിയെടുക്കുകയും ചെയ്തു എന്നാണ് ആരോപണം. ഈ പശ്ചാത്തലത്തിൽ ഇയാളുടെ പൗരത്വം റദ്ദാക്കാനാണ് നീതിന്യായ വകുപ്പ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നത്.
നീരജ് ശർമയ്ക്ക് പുറമെ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ള ഗുരുതരമായ അക്രമക്കേസുകളിൽ ശിക്ഷിക്കപ്പെട്ട മറ്റ് 16 പേരുടെ പൗരത്വവും റദ്ദാക്കാൻ യു.എസ്. നീതിന്യായ വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. മകളെ ലൈംഗികമായി പീഡിപ്പിച്ച ഹെയ്തിയിൽ നിന്നുള്ള കുടിയേറ്റക്കാരൻ, 15 വയസ്സിൽ താഴെയുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട മുൻ യുഗോസ്ലാവിയ സ്വദേശി, പ്രായപൂർത്തിയാകാത്തവരുടെ അശ്ലീല ദൃശ്യങ്ങൾ കൈവശം വെച്ച കേസിൽ ശിക്ഷിക്കപ്പെട്ട മെക്സിക്കോ സ്വദേശി, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ കൊളംബിയയിൽ ജനിച്ച മുൻ കത്തോലിക്കാ പുരോഹിതൻ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തിൽ കുറ്റസമ്മതം നടത്തിയ ഫിലിപ്പീൻസ് സ്വദേശി എന്നിവരാണ് പൗരത്വം നഷ്ടമാകുന്ന പ്രധാനികളെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിയായ കൊളംബിയൻ മയക്കുമരുന്ന് കടത്തുകാരന്റെ മകൾ, സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട ജമൈക്കൻ സ്വദേശി, കാസിനോ തട്ടിപ്പ് കേസിൽ പ്രതിയായ ക്യൂബൻ വംശജയായ സ്ത്രീ എന്നിവരും പൗരത്വം റദ്ദാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
Content Highlights: The US Department of Justice has initiated legal proceedings to revoke the citizenship of 17 individuals, including an Indian-origin company CEO named Neeraj Sharma, for obtaining citizenship through fraud, forgery, and concealing criminal records.