യുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ രാജ്യങ്ങൾക്കെതിരെ പ്രതികാരവുമായി US; സ്പെയിനിനെ പുറത്താക്കാൻ നീക്കം

വാഷിങ്ടൺ: ഇറാൻയുദ്ധത്തിൽ സഹായിക്കാത്ത നാറ്റോ അംഗരാജ്യങ്ങളോട് പ്രതികാരത്തിനൊരുങ്ങി യു.എസ്. സ്പെയിനിനെ നാറ്റോയിൽനിന്ന് പുറത്താക്കാൻ നടപടിയെടുക്കുമെന്ന് പെന്റഗൺ അവരുടെ ഉദ്യോഗസ്ഥർക്കയച്ച ഇ-മെയിലിൽ പറയുന്നുണ്ടെന്ന് ‘റോയിറ്റേഴ്സ്’ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വാർത്ത പുറത്തുവന്നതോടെ, അംഗരാജ്യത്തെ പുറത്താക്കാനോ അംഗത്വം റദ്ദാക്കാനോ വകുപ്പില്ലെന്ന് നാറ്റോ വ്യക്തമാക്കി.
ബ്രിട്ടനോടുള്ള പ്രതികാരനടപടിയുടെ ഭാഗമായി ഫാക്‌ലാൻഡ് ദ്വീപുകൾക്കുമേൽ അവരുടെ അവകാശം അംഗീകരിക്കുന്ന യു.എസ്. നിലപാട് പുനഃപരിശോധിക്കണമെന്നാണ് പെൻറഗൺ ഇ-മെയിലിലെ നിർദേശം. അർജന്റീനയും അവകാശവാദമുന്നയിക്കുന്ന ദ്വീപാണിത്.
യു.എസും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിച്ചപ്പോൾ പിന്തുണയ്ക്കാതിരുന്ന നാറ്റോ അംഗരാജ്യങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് നാറ്റോ സഹായിക്കുന്നില്ല എന്ന പരിഭവവും ട്രംപിനുണ്ട്.
ഇറാനെ ആക്രമിക്കുന്നതിന് സ്പെയിനിലെ വ്യോമ, നാവിക താവളങ്ങൾ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വ്യക്തമാക്കിയിരുന്നു. യുദ്ധത്തെ പിന്തുണയ്ക്കില്ലെന്നും ഹോർമുസിലെ യു.എസിന്റെ നാവിക ഉപരോധത്തിൽ സഹകരിക്കില്ലെന്നും ബ്രിട്ടനും പറഞ്ഞിരുന്നു.
Content Highlights: Pentagon considers retaliatory measures against NATO allies refusing to support Iran operations., Spain faces potential expulsion threats for denying use of military bases., US reviewing stance on Falkland Islands to pressure Britain., President Trump criticizes NATO for lack of support in the Strait of Hormuz., NATO clarifies that there is no formal mechanism to expel member states.