‘വീറ്റോ എന്റെ പരമാധികാരം, വഴങ്ങിയില്ലെങ്കിൽ എല്ലാം തള്ളും’: എന്താണ് യു.എസ്. പ്രസിഡന്റിന്റെ ‘വീറ്റോ’ അധികാരം?

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ മികച്ച വിജയം നേടുകയും കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടുകയും ചെയ്തതോടെ ഡൊണാൾഡ് ട്രംപിനും അദ്ദേഹത്തിന്റെ രാഷ്ട്രീയ നയങ്ങൾക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിലും സെനറ്റിലും ഡെമോക്രാറ്റുകൾ നിയന്ത്രണം ഏറ്റെടുത്തതോടെ നിയമനിർമാണത്തിലും കോൺഗ്രസിന്റെ മേൽനോട്ടത്തിലും അവർക്ക് കൂടുതൽ സ്വാധീനം ലഭിക്കുകയും ട്രംപ് ഭരണകൂടവുമായുള്ള ബന്ധം കടുപ്പമേറിയതാവുകയും ചെയ്യും. എന്നാൽ, ഇത്തരം ചർച്ചകൾ സജീവമാകുന്നതിനിടയിൽ തന്റെ ഭരണ അജണ്ടകളെ സംരക്ഷിക്കുന്നതിനായി പ്രസിഡന്റിന്റെ ‘വീറ്റോ’ അധികാരം പ്രയോഗിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിട്ടുള്ളത്.
വോട്ടെടുപ്പിന് മുൻപ് സി.ബി.എസ്. ന്യൂസിനും ഫോക്സ് ന്യൂസിനും നൽകിയ അഭിമുഖങ്ങളിൽ, വീറ്റോ അധികാരത്തെ തനിക്ക് ലഭ്യമായ ‘പരമാധികാരം’ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഡെമോക്രാറ്റുകൾ പാസാക്കുന്ന യുക്തിരഹിതമായ നിയമനിർമാണങ്ങൾ താൻ നിരസിക്കുമെന്നും കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ ‘മിസ്റ്റർ വീറ്റോ’ എന്ന പേര് സ്വീകരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, ‘ട്രംപ് വി. സ്ലോട്ടർ’ കേസിൽ ഫെഡറൽ ട്രേഡ് കമ്മിഷൻ അംഗത്തെ പുറത്താക്കാൻ തനിക്ക് അനുമതി നൽകിയ സുപ്രീംകോടതി വിധി, ഫെഡറൽ ഏജൻസികൾക്കും ബോർഡുകൾക്കും മേൽ പ്രസിഡന്റിനുള്ള അധികാരം വർധിപ്പിക്കുന്നതാണെന്നും ട്രംപ് അവകാശപ്പെട്ടു.
അമേരിക്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 1, സെക്ഷൻ 7 അനുസരിച്ചാണ് പ്രസിഡന്റിന് വീറ്റോ അധികാരം ലഭിക്കുന്നത്. കോൺഗ്രസിന്റെ ഇരുസഭകളും പാസാക്കുന്ന ഒരു ബിൽ പ്രസിഡന്റിന്റെ പക്കൽ എത്തുമ്പോൾ, അത് ഒപ്പുവെച്ച് നിയമമാക്കാനോ അല്ലെങ്കിൽ എതിർപ്പുകളോടെ സഭയിലേക്ക് തിരിച്ചയക്കാനോ പ്രസിഡന്റിന് സാധിക്കും. ഇത്തരത്തിൽ ഒപ്പിടാതെ തിരിച്ചയക്കാനുള്ള പ്രസിഡന്റിന്റെ അധികാരമാണ് ‘വീറ്റോ’.
ഞായറാഴ്ചകൾ ഒഴിവാക്കി 10 ദിവസത്തിനകം പ്രസിഡന്റ് ബിൽ ഒപ്പുവെക്കുകയോ തിരിച്ചയക്കുകയോ ചെയ്തില്ലെങ്കിൽ, കോൺഗ്രസ് സമ്മേളനത്തിലാണെങ്കിൽ അത് സ്വയം നിയമമായി മാറും. എന്നാൽ സഭ പിരിഞ്ഞിരിക്കുന്ന സമയമാണെങ്കിൽ അത് നിയമമാകില്ല. ബില്ലുകൾ പൂർണമായി സ്വീകരിക്കാനോ തള്ളാനോ മാത്രമേ പ്രസിഡന്റിന് അധികാരമുള്ളൂ, ബില്ലിലെ ചില ഭാഗങ്ങൾമാത്രം ഭേദഗതി ചെയ്യാനോ നീക്കം ചെയ്യാനോ ഭരണഘടന അനുവദിക്കുന്നില്ല.
പ്രസിഡന്റ് പ്രയോഗിക്കുന്ന വീറ്റോയെ മറികടക്കാൻ അമേരിക്കൻ കോൺഗ്രസിന് സാധിക്കുമെങ്കിലും അതിന് ജനപ്രതിനിധി സഭയിലും സെനറ്റിലും മൂന്നിൽ രണ്ട് (2/3) ഭൂരിപക്ഷം ആവശ്യമാണ്. 435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയിൽ 290 വോട്ടുകളും 100 അംഗങ്ങളുള്ള സെനറ്റിൽ 67 വോട്ടുകളും ലഭിച്ചാൽ മാത്രമേ ട്രംപിന്റെ വീറ്റോ മറികടന്ന് ബിൽ നിയമമാക്കാൻ സാധിക്കൂ. ഇതിനായി ഡെമോക്രാറ്റുകൾക്ക് റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ കൂടി നേടേണ്ടിവരും. എന്നാൽ അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ചരിത്രത്തിൽ വളരെ ചുരുക്കം വീറ്റോകൾ മാത്രമേ കോൺഗ്രസ് ഇത്തരത്തിൽ മറികടന്നിട്ടുള്ളൂ.
നിയമങ്ങൾ തള്ളിക്കളയാൻ മാത്രമല്ല, ഡെമോക്രാറ്റുകളുമായി നടത്തുന്ന ചർച്ചകളിൽ തന്റെ നിബന്ധനകൾ അംഗീകരിപ്പിക്കാനുള്ള ഒരു സമ്മർദ തന്ത്രമായും ട്രംപിന് വീറ്റോ ഉപയോഗിക്കാം. താൻ എതിർക്കുന്ന ബില്ലുകൾ നിരസിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിലൂടെ ഭരണകൂടത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്താൻ കോൺഗ്രസിനെ നിർബന്ധിക്കാൻ ട്രംപിന് സാധിക്കും. തുടർച്ചയായി ഒന്നോ രണ്ടോ മാസം വീറ്റോ നേരിടേണ്ടിവന്നാൽ ഡെമോക്രാറ്റുകൾ ചർച്ചയ്ക്ക് തയ്യാറാകുമെന്നും പിന്നീട് ധാരണയിലെത്താനാകുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടൽ.
സാമ്പത്തിക, ഭരണരംഗങ്ങളിൽ ഡെമോക്രാറ്റുകൾ കൊണ്ടുവരുന്ന പരിഷ്കാരങ്ങൾക്ക് തടയിടാനും തനിക്കനുയോജ്യമായ കരാറുകളിലേക്ക് അവരെ കൊണ്ടുവരാനും ട്രംപ് വീറ്റോ പരമാവധി പ്രയോജനപ്പെടുത്തിയേക്കും. ഡെമോക്രാറ്റിക് കോൺഗ്രസും ട്രംപ് ഭരണകൂടവും തമ്മിൽ വരാനിരിക്കുന്ന കടുത്ത രാഷ്ട്രീയ പോരാട്ടത്തിൽ ഈ വീറ്റോ അധികാരം നിർണായകമായ ആയുധമായി മാറും.