ഇറാനെതിരേ രഹസ്യാക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നതായി സംശയം; പാകിസ്താനിലേക്ക് സൈനിക കാർഗോ വിമാനങ്ങളയച്ച് റഷ്യയും ചൈനയും

#ന്യൂസ് ഡെസ്ക്
റഷ്യയുടെ Ilyushin 76MD-90A സൈനിക കാർഗോ വിമാനം | Photo: x
റഷ്യയുടെ Ilyushin 76MD-90A സൈനിക കാർഗോ വിമാനം | Photo: x

ഇസ്ലാമാബാദ്: യു.എസ്. - ഇറാൻ സംഘർഷത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ റഷ്യ, ചൈന, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനിക കാർഗോ വിമാനങ്ങൾ പാകിസ്താനിൽ എത്തിയതായി റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള ഐഎൽ-76 എംഡി, എഎൻ-124 കാർഗോ വിമാനം, യുഎഇയുടെ ഐഎൽ -76 എന്നിവയാണ് പാകിസ്താനിൽ എത്തിയത്.

ബിഷ്കെക്കിൽ നിന്നാണ് റഷ്യൻ സൈനിക കാർഗോ വിമാനം കറാച്ചിയിലേക്ക് പറന്നത്. ചിറ്റാഗോങ്ങിൽ നിന്ന് മറ്റൊരു സൈനിക കാർഗോ വിമാനം കൂടി കറാച്ചിയിൽ എത്തിയിട്ടുണ്ട്. എന്താണ് സേനാ കാർഗോ വിമാനങ്ങളുടെ വരവിന്റെ ഉദ്ദേശമെന്നോ ഇതിൽ എന്തായിരുന്നുവെന്നോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങളും ഇതേച്ചൊല്ലി ഉയരുന്നുണ്ട്. ഇറാനെതിരേ രഹസ്യാക്രമണത്തിന് അമേരിക്ക ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളും ഉണ്ട്. എന്നാൽ ചൈന, റഷ്യ, യുഎഇ സേനയുടെ കാർഗോ വിമാനങ്ങൾ പാകിസ്താനിലെത്തിയതിന് പിന്നിൽ എന്താണ് ലക്ഷ്യം എന്നത് വ്യക്തമല്ല.

Photo: X

ഇതിനിടെ, ഇറാനെതിരേ അമേരിക്ക ആക്രമണത്തിന് ഒരുങ്ങുന്നതായി റഷ്യയ്ക്ക് ചൈനീസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാകിസ്താനിലെ നൂർ ഖാൻ വ്യോമതാവളത്തിൽ നിന്ന് ഇറാനെതിരേ അമേരിക്ക ആക്രമണം നടത്തുമെന്നാണ് ബീജിങ് അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയും ഇസ്രയേലും കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. 

അതേസമയം, ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ ഔദ്യോഗിക പ്രഖ്യാപനം.

യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെയുള്ള ആക്രമണങ്ങൾ പുനരാരംഭിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു.

Content Highlights: Military cargo planes from Russia, China, and UAE arrived in Pakistan amid US-Iran tensions., Speculation rises that the US may launch covert attacks against Iran using Pakistani airbases., US President Donald Trump announced the military end of the war with Iran following the interim elections., India and Israel are closely monitoring these geopolitical developments.