ഹോർമുസ് കടലിടുക്ക് ഒരുമാസത്തിനുള്ളിൽ പഴയ നിലയിലേക്ക്? അമേരിക്ക-ഇറാൻ സമാധാന ഉടമ്പടിയുടെ കരട് പുറത്ത്

#ന്യൂസ് ഡെസ്‌ക്
ഹോര്‍മുസിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ |ഫോട്ടോ:AFP
ഹോര്‍മുസിന് സമീപം നങ്കൂരമിട്ടിരിക്കുന്ന കപ്പലുകള്‍ |ഫോട്ടോ:AFP

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ സമാധാന ഉടമ്പടിയുടെ കരട് രേഖ പുറത്ത്. അമേരിക്കയുമായുള്ള കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഹോർമുസ് വഴിയുള്ള വാണിജ്യ കപ്പൽ ഗതാഗതം പഴയപടിയാക്കാനും മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കാനുമാണ് ഈ കരട് രേഖ ലക്ഷ്യമിടുന്നത്.

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷന്റെ റിപ്പോർട്ട് അനുസരിച്ച് കരാർ നടപ്പിലാക്കി 30 ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പൽ ഗതാഗതം യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാൻ നിർദേശമുണ്ട്. ഇതിനു പകരമായി അമേരിക്ക മേഖലയിലെ തങ്ങളുടെ സൈനിക സാന്നിധ്യം കുറയ്ക്കുകയും ഇറാന് മേൽ ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുകയും വേണം. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ എത്രത്തോളം പിൻവലിക്കണം എന്ന കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

അമേരിക്കൻ സൈന്യം പിന്മാറുന്നതിനനുസരിച്ച് മാത്രം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ കരാർ, ഒമാന്റെ സഹകരണത്തോടെ സമുദ്രവ്യാപാരം പഴയനിലയിലാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. ഹോർമുസിലൂടെയുള്ള കപ്പൽ ഗതാഗതം ഒമാനുമായി ചേർന്ന് ഇറാൻ നിയന്ത്രിക്കുന്ന ഒരു സംവിധാനമാണ് കരട് കരാറിൽ വിഭാവനം ചെയ്തിരിക്കുന്നത്. അതേസമയം, സൈനിക കപ്പലുകളെ ഈ കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ, ശത്രു രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ ഈ പാതയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, കരാർ നടപ്പിലാക്കുന്നതിന് മുൻപ് കൃത്യമായ പരിശോധനകൾ വേണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐആർജിസി) ഏകോപനത്തോടെയാണ് കപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നത്.

അമേരിക്ക ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്കും ബോട്ടുകൾക്കും നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ സമാധാന ശ്രമങ്ങൾ നടക്കുന്നത്. 60 ദിവസത്തിനുള്ളിൽ ഈ കരാറിൽ അന്തിമ തീരുമാനമുണ്ടായാൽ ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയമായി അംഗീകരിക്കപ്പെട്ടേക്കാം. മേഖലയിൽ വീണ്ടും യുദ്ധമുണ്ടാകാതിരിക്കാൻ അമേരിക്കയ്ക്കുമേൽ വലിയ സമ്മർദമുണ്ട്.

Content Highlights: Draft agreement focuses on restoring commercial shipping in the Strait of Hormuz., Proposed partial withdrawal of US military forces from the region., Lifting of US naval blockades on Iran as a reciprocal measure., Joint control mechanism proposed between Iran and Oman., Potential for UN Security Council adoption within 60 days.