ഇന്ത്യക്കാർക്ക് ആശ്വസിക്കാം; എച്ച്-1ബി വിസ ഫീസ് വർധന റദ്ദാക്കി യുഎസ് കോടതി, ട്രംപിന് തിരിച്ചടി

ഡൊണാൾഡ് ട്രംപ് | Photo: AFP
ഡൊണാൾഡ് ട്രംപ് | Photo: AFP

ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികൾക്കായുള്ള പുതിയ എച്ച്-1ബി വിസകൾക്ക് ഫീസ് കുത്തനെ കൂട്ടാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം റദ്ദാക്കി യുഎസ് കോടതി. കുടിയേറ്റ നിയന്ത്രണ നയങ്ങളുടെ ഭാഗമായി 1,00,000 ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ആണ് ഫീസായി നിശ്ചയിച്ചത്. ബോസ്റ്റണിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ലിയോ സോറോക്കിൻ ആണ് കുത്തനെയുള്ള ഈ വർധന നിയമവിരുദ്ധമാണെന്ന് വിധിയെഴുതിയത്. ഇത്രയും വലിയ തുക ഫീസായി ഈടാക്കാൻ ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 20 ഡെമോക്രാറ്റിക് സ്റ്റേറ്റുകളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി നൽകിയ ഹർജിയിലാണ് കോടതി ഈ നിർണായക വിധി പ്രസ്താവിച്ചത്

യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെയാണ് ഫീസ് വർധിപ്പിച്ചതെന്നും ഇത് പ്രസിഡന്റിന്റെ അധികാര പരിധിക്ക് അപ്പുറത്താണെന്നും കോടതി നിരീക്ഷിച്ചു. മാത്രമല്ല ഇത്തരമൊരു വർധന വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പ്രധാന പൊതുമേഖലകളെ ദോഷകരമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. മാത്രമല്ല വിദേശ തൊഴിലാളികളെ നിയമിക്കുന്നത് അമേരിക്കൻ കമ്പനികൾക്ക് അസാധ്യമാക്കുന്ന തരത്തിലാണ് ഈ ഫീസ് വർദ്ധനവെന്നും് കോടതി കണ്ടെത്തി.

ഇന്ത്യക്കാർക്ക് ആശ്വസിക്കാം

അമേരിക്കൻ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന എച്ച്-1ബി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. പ്രതിവർഷം അനുവദിക്കുന്ന എച്ച്-1ബി വിസകളിൽ 70 ശതമാനത്തിലധികവും നേടുന്നത് ഇന്ത്യൻ ഐടി പ്രൊഫഷണലുകളാണ്.

ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്കും ഐടി കമ്പനികൾക്കും വലിയ ആശ്വാസമാവുകയാണ് പുതിയ ഉത്തരവ്. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നിയന്ത്രണ നയങ്ങൾക്കേറ്റ തിരിച്ചടിയായാണ് വിധി വിലയിരുത്തപ്പെടുന്നത്‌

Content Highlights: US Court Rejects H-1B Visa Fee Hike: Major Relief for Indians