ഇറാന്റെ ഡ്രോൺ വാഹിനിക്കപ്പൽ തകർത്ത് യുഎസ്, ശ്രീലങ്കയിൽ അഭയം തേടി ഇറാൻ യുദ്ധക്കപ്പൽ

യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ട വീഡിയോയില്‍ നിന്നുള്ള ദൃശ്യം

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ ഇറാന്റെ അത്യാധുനിക ഡ്രോൺ വാഹിനിക്കപ്പലിന് നേരെ അമേരിക്കൻ സൈന്യത്തിന്റെ കനത്ത ആക്രമണം. 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന്റെ ഭാഗമായാണ് വ്യാഴാഴ്ച ഈ ആക്രമണം നടന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്തെ വിമാനവാഹിനിക്കപ്പലുകളുടെ അത്രയും വലിപ്പമുള്ള ഡ്രോൺ വാഹിനിക്കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ കപ്പലിന് തീപിടിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. കണ്ടെയ്‌നറുകൾ കൊണ്ടുപോകുന്ന ചരക്കുകപ്പലിനെ രൂപമാറ്റം വരുത്തിയാണ് 2024ൽ ഇറാൻ ഡ്രോൺ വാഹിനിക്കപ്പലാക്കി ഇതിനെ മാറ്റിയെടുത്തത്.

ഇറാന്റെ നാവികസേനയെ പൂർണ്ണമായും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക മുന്നോട്ട് പോകുന്നത്. ഇതിനോടകം മുപ്പതിലധികം ഇറാനിയൻ യുദ്ധക്കപ്പലുകൾ തകർക്കുകയോ മുക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ വ്യക്തമാക്കി.

ഇറാൻ ഡ്രോൺ വാഹിനി കപ്പലായ ഷഹീദ് ബഗേരി

കഴിഞ്ഞ ബുധനാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാന്റെ 'ദേന' എന്ന യുദ്ധക്കപ്പൽ യുഎസ് മുങ്ങിക്കപ്പൽ ടോർപിഡോ ഉപയോഗിച്ച് തകർത്തിരുന്നു.

ഈ സംഭവത്തിൽ 87 ഇറാനിയൻ നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ടോർപിഡോ ഉപയോഗിച്ച് ഒരു ശത്രു കപ്പൽ മുക്കുന്നത് ഇതാദ്യമായാണ്.

ഇന്ത്യയിൽ നാവികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ശ്രീലങ്കൻ തീരത്തോട് ചേർന്ന് അന്താരാഷ്ട്ര സമുദ്രമേഖലയിൽ വെച്ച് കപ്പലിനെ യുഎസ് ആക്രമിച്ചത്. ഇതിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മടങ്ങിയ ഇറാൻ യുദ്ധക്കപ്പലായ ഇറിസ് ബുഷെഹ്റിന് ട്രിങ്കമലൈ തുറമുഖത്ത് നങ്കൂരമിടാൻ ശ്രീലങ്ക അനുമതിനൽകി. കപ്പലിലുണ്ടായിരുന്ന 208 നാവികരെയും കരയിലേക്ക് ഒഴിപ്പിച്ചതായും കപ്പലിന്റെ നിയന്ത്രണം താത്കാലികമായി ശ്രീലങ്ക ഏറ്റെടുത്തതായും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ വ്യാഴാഴ്ച അറിയിച്ചു. ഇറിസ് ഡെന അന്തർവാഹിനി ഉപയോഗിച്ച് യു.എസ്. മുക്കിയ സാഹചര്യത്തിലാണ് നടപടി.

യുദ്ധത്തിൽ നിഷ്പക്ഷത പാലിക്കാനുള്ള ശ്രീലങ്കയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും എന്നാൽ, എല്ലാ ജീവനും വിലപ്പെട്ടതാണെന്നും ദിസനായകെ പറഞ്ഞു. തങ്ങളുടെ സമുദ്രാതിർത്തിയിൽ പ്രവേശിക്കാൻ രണ്ടാമതൊരു ഇറാനിയൻ കപ്പൽ അനുമതിതേടിയിട്ടുണ്ടെന്നും അതിലെ നാവികരുടെ ജീവൻ സംരക്ഷിക്കാൻ ശ്രമിക്കുമെന്നും ശ്രീലങ്കൻ സർക്കാർ പാർലമെന്റിൽ പറഞ്ഞിരുന്നു.

Content Highlights: US military launched 'Operation Epic Fury', targeting a large Iranian drone carrier., The attack follows the US sinking of the Iranian warship 'Dena' using a torpedo., Sri Lanka provided refuge to another Iranian warship, 'IRIS Bushehr', on humanitarian grounds., The incident signifies a major escalation in military actions between the US and Iran.