‘വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ആഗ്രഹിച്ചു, പക്ഷേ ട്രംപ് അത് മറന്നു’-വെളിപ്പെടുത്തൽ

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് നരേന്ദ്രമോദിക്കൊപ്പം | Photo: PTI
ഡൊണാൾഡ് ട്രംപ് നരേന്ദ്രമോദിക്കൊപ്പം | Photo: PTI

ന്യൂഡൽഹി: ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇന്ത്യയിലെ യു.എസ് അംബാസഡറായ സെർജിയോ ഗോറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇക്കണോമിക് ടൈംസ് വേൾഡ് ലീഡേഴ്സ് ഫോറത്തിലായിരുന്നു ഗോറിന്റെ തുറന്നുപറച്ചിൽ. എന്നാൽ, ഇത്തരം ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നത് സ്വാഭാവികമായ നടപടിക്രമം മാത്രമാണെന്ന് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.

ഫ്രാൻസിലെ എവിയാൻ ലെ ബെയ്ൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ജൂൺ 17-നാണ് മോദിയും ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇതിന് തൊട്ടുമുമ്പ് വേദിക്ക് പിന്നിൽ വെച്ച് താൻ ട്രംപുമായി സംസാരിച്ചിരുന്നുവെന്ന് സെർജിയോ ഗോർ പറഞ്ഞു. ഇന്ത്യയ്ക്ക് എന്തെങ്കിലും പ്രത്യേക ആവശ്യങ്ങളുണ്ടോ എന്ന് ട്രംപ് തന്നോട് ചോദിച്ചു. മാധ്യമങ്ങളെ പ്രവേശിപ്പിക്കാമെന്നും എന്നാൽ ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കുന്ന തരത്തിലുള്ള വാർത്താസമ്മേളനം ഒഴിവാക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ട്രംപിനെ അറിയിച്ചുവെന്ന് ഗോർ പറഞ്ഞു.

ഇത് ട്രംപ് ആദ്യം സമ്മതിക്കുകയും ചെയ്തതായാണ് ഗോർ പറയുന്നത്. തുടർന്ന് ഇരുനേതാക്കളും പരസ്പരം സംസാരിച്ചുകൊണ്ട് കൂടിക്കാഴ്ച ആരംഭിച്ചു. എന്നാൽ പ്രാരംഭ പ്രസ്താവനകൾ കഴിഞ്ഞയുടൻ ഇന്ത്യയുടെ ആവശ്യം മറന്നതുപോലെ ട്രംപ് മാധ്യമപ്രവർത്തകർക്ക് നേരെ തിരിഞ്ഞ് ‘എന്തെങ്കിലും ചോദ്യങ്ങളുണ്ടോ?’ എന്ന് ചോദിക്കുകയായിരുന്നു. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞെന്നും പ്രധാനമന്ത്രി മോദിയെ സാക്ഷിനിർത്തി 45 മിനിറ്റോളം നീണ്ട ഒരു സമ്പൂർണ്ണ വാർത്താസമ്മേളനമാണ് പിന്നീട് നടന്നതെന്നും സെർജിയോ ഗോർ പറഞ്ഞു.

അതേസമയം, യു.എസ്. അംബാസഡറുടെ വെളിപ്പെടുത്തലുകളോട് ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. വിദേശ നേതാക്കളുടെ പൊതുപരിപാടികളും കൂടിക്കാഴ്ചകളും സംബന്ധിച്ച ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നത് ഒരു സാധാരണ പ്രക്രിയ മാത്രമാണെന്ന് അവർ ചൂണ്ടിക്കാട്ടി. ഇത്തരം വിദേശ സന്ദർശനങ്ങളിൽ ഇന്ത്യ പിന്തുടരുന്ന പതിവ് രീതി മാത്രമാണ് അമേരിക്കയെ അറിയിച്ചതെന്നും ഇന്ത്യൻ വൃത്തങ്ങൾ വ്യക്തമാക്കി.

Content Highlights: US Ambassador Sergio Gor revealed that India officially requested to avoid media questions during the G7 summit meeting between Prime Minister Narendra Modi and Donald Trump, though Trump ultimately opened the session to questions.