100% ശതമാനം പിഴത്തീരുവ ഭീഷണി; അമേരിക്ക ആഗ്രഹിക്കുന്ന പോലെ 'നേരെയാവാൻ' ഇന്ത്യക്ക് ഇത്തിരി പാടാണ്!

#പി.മുരളീധരന്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും | Photo: AFP
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും | Photo: AFP

ഷ്യൻ എണ്ണയുടെയും വാതകത്തിന്റെയും പ്രധാന ഉപഭോക്താക്കൾക്ക് മേൽ 100 ശതമാനംവരെ ഇറക്കുമതി തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന നിയമം പാസാക്കിയിരിക്കുകയാണ് യുഎസ് പ്രതിനിധി സഭ. കഴിഞ്ഞ ആഗസ്തിൽ സെനറ്റ് അംഗീകരിച്ച ലിൻഡ്സി ഒ. ഗ്രഹാം സാങ്ഷനിംഗ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് 2026 എന്ന ബിൽ 159-നെതിരെ 262 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ പാസാക്കിയത്. ട്രംപ് ഒപ്പുവെച്ചാൽ ഇത് ഔദ്യോഗിക നിയമമായി മാറും.

നിയമത്തിന്റെ വ്യക്തമായ ലക്ഷ്യങ്ങൾ റഷ്യൻ ക്രൂഡോയിലിന്റെ ഏറ്റവും വലിയ ഉപയോക്താക്കളായ ചൈനയും ഇന്ത്യയുമാണ് എന്ന് വ്യക്തമാണ്. യുഎസ് കോൺഗ്രസിൽ ബില്ല് പാസായശേഷം സെനറ്റർ റിച്ചാർഡ് ബ്ലൂമെൻതാൾ, ചൈനയും ഇന്ത്യയും കൈയിലിരിപ്പ് നേരേയാക്കുകയും മറ്റെവിടെയെങ്കിലുംനിന്ന് എണ്ണയും വാതകവും വാങ്ങുകയും വേണമെന്ന് തുറന്നടിച്ചു. സമാധാനനയം ഒരു തന്ത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ച സെനറ്റർ ലിൻഡ്സി ഗ്രഹാമിനൊപ്പം ബിൽ തയാറാക്കിയ ബ്ലൂമെന്താൾ ഈ ഉപരോധങ്ങൾ പുതിനെ ചർച്ചാ മേശയിലേക്ക് കൊണ്ടുവരാനും യുദ്ധം അവസാനിപ്പിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ഭീഷണി വളരെ ഗൗരവമുള്ളതാണ്. 2026 ജൂലൈയിൽ ഇന്ത്യയുടെ ക്രൂഡ് എണ്ണ ഇറക്കുമതിയുടെ ഏകദേശം 52 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. യുക്രൈൻ യുദ്ധത്തിനു മുമ്പ് നാമമാത്രമായിരുന്ന റഷ്യൻ എണ്ണയുടെ ഇറക്കുമതിയിലെ സർവകാല ഇന്ത്യൻ റെക്കോഡാണിത്. ലോകത്തെ എണ്ണക്കടത്തിന്റെ 20 ശതമാനം കടന്നു പോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ പ്രതിസന്ധി ഒരു പരിധിവരെ നിയന്ത്രണാധീനമായപ്പോഴാണ് ഹൂതികളുടെ ആക്രമണം കാരണം ചെങ്കടലിലെ ബാബ് അൽ മാണ്ടെബ് വഴിയുള്ള ചരക്കുകടത്ത് പ്രതിസന്ധിയിലായത്. ഇതിനുമുകളിലാണ് അമേരിക്കയുടെ 100 ശതമാനം തീരുവ ഭീഷണി.

യാതൊരു സംശയത്തിനും ഇടനൽകാത്തതായിരുന്നു ഇന്ത്യയുടെ പ്രതികരണം. 140 കോടി ജനങ്ങൾക്ക് ഊർജ സുരക്ഷ ഉറപ്പാക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വിപണിയുടെ ഗതിവിഗതികൾക്കനുസരിച്ച് വിവിധ മാർഗങ്ങളിലൂടെ തുടർന്നും എണ്ണ വാങ്ങുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മാത്രമല്ല, ദ്വിതീയ തീരുവകളോ നിർബന്ധിത നടപടികളോ ഉണ്ടായാൽ അവ വ്യാപാരക്കരാറടക്കമുള്ള യുഎസുമായുള്ള വിശാലമായ ബന്ധത്തെ ബാധിച്ചേക്കാമെന്നും പ്രസ്താവന മുന്നറിയിപ്പു നൽകുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാരപങ്കാളിയായ അമേരിക്കയുമായി 2025-26 വർഷം നടത്തിയ വ്യാപാരം 140 ബില്യൻ ഡോളറിലധികമാണ്. ഇതിൽ 87 ബില്യനും കയറ്റുമതിയായിരുന്നു. 34 ബില്യൻ ഡോളറിന്റെ വ്യാപാരമിച്ചം. ഈ കണക്കുകൾ രാജ്യത്തിന് അവഗണിക്കാനാവില്ല. അതിനാൽ പ്രായോഗികമായ പരിഹാരങ്ങൾക്കാവും ഇന്ത്യ ശ്രമിക്കുക.

അതേസമയം, അമേരിക്കൻ സമ്മർദ്ദത്തിനു വഴങ്ങി റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തിയാൽ പകരം മറ്റ് രാജ്യങ്ങളിൽനിന്ന് ഇന്ധനം കണ്ടെത്തുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് വൻ തിരിച്ചടിയുണ്ടാക്കും. സൗജന്യനിരക്കിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് സംസ്കരിക്കാൻ പാകത്തിലാണ് ഇന്ത്യൻ റിഫൈനറികൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. പെട്ടെന്നൊരു മാറ്റം സംഭവിച്ചാൽ ശുദ്ധീകരണച്ചെലവും കടത്തുകൂലിയും വൻതോതിൽ വർധിക്കും. അത് ഇന്ത്യയുടെ എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം പതിനായിക്കണക്കിന് കോടിരൂപയുടെ വർധനവുണ്ടാക്കും. മാത്രമല്ല, പ്രതിദിനം രണ്ടു ദശലക്ഷത്തോളം ബാരൽ എണ്ണയ്ക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ സമീപിക്കുമ്പോൾ ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരും. ഇന്ധനവില വർധിക്കുന്നത് രാജ്യത്ത് പണപ്പെരുപ്പത്തിനും അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകും. കറന്റ് അക്കൗണ്ട് കമ്മി വർധിക്കും. അതിനാൽ റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുന്നത് ഇന്ത്യയ്ക്ക് അത്രയ്ക്ക് എളുപ്പമുള്ള കാര്യമല്ല.

ട്രംപിന്റെ തീരുവ തെമ്മാടിത്തം

അമേരിക്ക പിഴത്തീരുവ ചുമത്തുന്നതിന് യുക്തിസഹമായ കാരണങ്ങൾ മിക്കപ്പോഴും ഉണ്ടാവാറില്ല. റഷ്യൻ ഊർജം വാങ്ങുന്നവർക്ക് അധികത്തീരുവ ഭീഷണിപ്പെടുത്തുന്ന അതേ നിയമത്തിൽ ചില സിവിലിയൻ ആണവ സഹകരണത്തിനും റഷ്യയിൽനിന്നുള്ള യുറേനിയം ഇറക്കുമതിക്കും ഇളവു നൽകിയിട്ടുണ്ട്. (2025 ആഗസ്തിൽ അലാസ്‌കയിൽ ട്രംപുമായി കൂടിക്കാഴ്ച നടത്താനെത്തിയ റഷ്യൻ പ്രസിഡന്റ് പുതിൻ ഈ വിവരം പരസ്യപ്പെടുത്തിയിരുന്നു.) 2025-ലെ വിവരങ്ങൾ പ്രകാരം അമേരിക്കൻ സിവിലിയൻ ആണവ ഓപ്പറേറ്റർമാർക്ക് റഷ്യ ഗണ്യമായ അളവിൽ സംപുഷ്ടീകരണ സേവനം നൽകിയിരുന്നു. വിശാലമായ തോതിലെ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴായിരുന്നു ഇത്. ഇനി യൂറോപ്പിലേക്കു വരാം. 2022-ൽ യുക്രൈൻ യുദ്ധം ആരംഭിച്ചശേഷം റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് ഭൂഖണ്ഡത്തിൽ വളരെയധികം കുറഞ്ഞെങ്കിലും പൂർണമായി അവസാനിപ്പിച്ചിട്ടില്ല. ഈ ശൈത്യകാലത്ത് പ്രകൃതിവാതകത്തിന്റെ വില കുത്തനെ ഉയരാനിടയുണ്ടെന്നും ചിലപ്പോൾ യൂറോപ്പിലേക്കുള്ള വാതകവിതരണം തടസ്സപ്പെട്ടേക്കാമെന്നും പുതിൻ ഭീഷണി മുഴക്കിയിട്ടുണ്ട്. പുതിന്റെ മുന്നറിയിപ്പിനെ ബ്ലാക്ക്മെയിൽ എന്നുവിളിച്ച് തള്ളിക്കളഞ്ഞ പാശ്ചാത്യ രാജ്യങ്ങൾ, റഷ്യയിൽനിന്നുള്ള ഇറക്കുമതി 2027-ഓടെ പൂർണമായി അവസാനിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെ സംരക്ഷിക്കുന്നതിനായി, റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെമാത്രം ഇറക്കുമതി ചെയ്യുകയും അത് സമയബന്ധിതമായി അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് പുതിയ ബില്ലിൽ ഇളവുകൾ നൽകിയിട്ടുണ്ട്. മുമ്പ് ഇന്ത്യയിൽനിന്നുള്ള ജനറിക് ഔഷധങ്ങൾ പോലുള്ള ഉൽപ്പന്നങ്ങൾക്ക് പിഴത്തീരുവയിൽ ഇളവു നൽകിയതും ഓർമിക്കാവുന്നതാണ്.

ഇന്ത്യൻ നയതന്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഈ അമേരിക്കൻ രീതി പുതിയതല്ല. റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യ വാങ്ങുന്നത് മോസ്കോയുടെ യുദ്ധത്തിന് സാമ്പത്തികസഹായമാണെന്നും അതവസാനിപ്പിക്കണമെന്നും ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ എഴുതിയപ്പോൾ, അമേരിക്കയും യൂറോപ്യൻ യൂണിയനും മറ്റു പല മേഖലകളിലും റഷ്യയുമായി സാമ്പത്തികബന്ധം തുടരുമ്പോൾ തങ്ങളെമാത്രം അന്യായമായി ലക്ഷ്യമിടുകയാണെന്ന് ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. യുദ്ധമുണ്ടാക്കിയത് ഇന്ത്യയല്ല, തങ്ങൾ ഭാഗമല്ലാത്ത പാശ്ചാത്യ ഉപരോധങ്ങൾ പാലിക്കാൻ ബാധ്യതയില്ല, 140 കോടി ജനങ്ങളുടെ ധനക്കമ്മി കുറയ്ക്കാനും വിലക്കയറ്റം തടയാനും സഹായിക്കുന്ന സൗജന്യനിരക്കിലെ ഊർജം വാങ്ങിയതിന് ആരോടും ക്ഷമ ചോദിക്കാൻ ഉദ്ദേശ്യമില്ല എന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ നിശ്ശബ്ദ പ്രതിരോധം

ട്രംപിന്റെ തീരുവദംഷ്ട്രകൾ ദൃശ്യമായപ്പോൾ തന്നെ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യ വളരെ തന്ത്രപരവും ആസൂത്രിതവുമായ പ്രതിരോധം തീർത്തു എന്ന് കാണാം. ലോകത്തെ വലിയ സമ്പദ്വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി ഇന്ത്യ തുടരുന്നതിന് ആ മുന്നൊരുക്കങ്ങൾ സഹായകമായി. ട്രംപിന്റെ തീരുവ ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങാനോ പ്രകോപനങ്ങൾക്ക് വാക്കുകൾ കൊണ്ട് തിരിച്ചടിക്കാനോ നിൽക്കാതെ, ഈ ഒന്നരവർഷ കാലയളവിൽ ന്യൂഡൽഹി ഇന്ധന സ്രോതസ്സുകൾ വൈവിധ്യവത്കരിച്ചു. ഏകദേശം നാല്പതോളം രാജ്യങ്ങളിൽനിന്നാണ് ഇന്ത്യ ഇപ്പോൾ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഏതെങ്കിലും ഒന്നോ രണ്ടോ രാജ്യങ്ങൾ ടാപ്പടച്ചാൽ ഇന്ത്യയിലെ പെട്രോൾ പമ്പുകൾ പൂട്ടില്ല എന്നർഥം.

അമേരിക്കയടക്കം ഏതെങ്കിലും രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന ഏതൊരു സമ്മർദത്തെയും പ്രതിരോധിക്കാൻ സഹായകമായ നാല്പതോളം സ്വതന്ത്ര വ്യാപാരക്കരാറുകളിലും ഇന്ത്യ ഒപ്പുവെച്ചു കഴിഞ്ഞു. അമേരിക്കയുമായുള്ള വ്യാപാരക്കരാർ ഇപ്പോഴും ബാക്കിയാണ്. വ്യാപാരക്കരാർ ഒപ്പിടണമെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന യുഎസ് നിർദേശവും കാർഷിക വിപണി അമേരിക്കൻ ഇറക്കുമതിക്ക് തുറന്നുകൊടുക്കണമെന്ന ആവശ്യവും ഇന്ത്യയ്ക്ക് സമ്മതമല്ലാത്തതാണ് മുഖ്യതടസ്സം.

ഊർജസ്രോതസ്സുകളെ വൈവിധ്യവൽക്കരിച്ചതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് വെനസ്വേലയാണ്. മെയ് മാസത്തോടെ സൗദി അറേബ്യയെയും അമേരിക്കയെയും പിന്തള്ളി ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായി വെനസ്വേല മാറി.

ഇന്ത്യൻ ശുദ്ധീകരണ ശാലകൾക്ക് അനുയോജ്യമായ വിലകുറഞ്ഞ 'ഹെവി ക്രൂഡ്' വൻതോതിൽ വാങ്ങിയതാണ് ഇതിന് കാരണം. ഇതിലെ വൈരുദ്ധ്യം ശ്രദ്ധേയമാണ്: ഭരണകൂടത്തിന് നിയമസാധുത കൽപ്പിച്ചു നൽകാതെ, അമേരിക്കൻ ഉപരോധങ്ങൾ കാരണം നട്ടം തിരിഞ്ഞ ഒരു രാജ്യം വളരെ പെട്ടെന്ന് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഊർജ സ്രോതസ്സുകളിലൊന്നായി മാറിയിരിക്കുന്നു. വെനസ്വേല സർക്കാരിനെ അട്ടിമറിച്ച് (പ്രസിഡന്റ് മഡൂറോയെയും പത്നിയെയും തട്ടിക്കൊണ്ടുപോയി അമേരിക്കൻ ജയിലിലടച്ചു) തങ്ങളുടെ പാവയെ അധികാരത്തിലിരുത്തിയ ട്രംപ് സർക്കാരിന് തീർച്ചയായും ലാഭമുള്ള കച്ചവടം തന്നെ. ഇന്ത്യയ്ക്കും നഷ്ടമില്ല. ഈ ക്രൂഡോയിൽ ശുദ്ധീകരിക്കുന്നത് ഇന്ത്യയിലാണല്ലോ!

ഇന്ത്യ ആഭ്യന്തര ഊർജ സ്രോതസ്സുകളിലും വലിയ നിക്ഷേപം നടത്തുകയാണ്. കേന്ദ്രസർക്കാരിന്റെ സമുദ്രമന്ഥൻ (നാഷണൽ ഓഫ്ഷോർ എക്സ്പ്ലോറേഷൻ സ്കീം) പദ്ധതിക്ക് 84,084 കോടി രൂപയുടെ അംഗീകാരം ലഭിച്ചു. ഓയിൽ ഇന്ത്യ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഴക്കടൽ, അൾട്രാഡീപ് വാട്ടർ പര്യവേക്ഷണത്തിന് 15,000 കോടി രൂപ ചെലവഴിക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ആൻഡമാൻ കടലിലെ വലിയ പ്രകൃതിവാതക ശേഖരം ഉൾപ്പെടെ പലയിടത്തും ഇന്ധനം കണ്ടെത്തി. അതേസമയം, യാത്രാവാഹന വിപണിയിൽ ഇന്ധന വാഹനങ്ങളുടെ ആധിപത്യം കുറയുകയാണ്. 2026 ഓഗസ്റ്റിൽ വിറ്റ വാഹനങ്ങളിൽ 41.95 ശതമാനം സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളാണ്, 40.85 ശതമാനമായിരുന്നു പെട്രോൾ വാഹനവിൽപ്പന. ഇവയെല്ലാം ഇന്ത്യയുടെ ദീർഘകാല ഊർജ്ജ സ്വാശ്രയത്വത്തിലേക്കുള്ള വഴികളാണ്.

ബ്രിക്‌സും അമേരിക്കൻ അസ്വസ്ഥതയും പ്രത്യാഘാതവും

സെപ്റ്റംബർ രണ്ടാംവാരം ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുടെ സംയുക്തപ്രമേയം ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളെയും ദ്വിതീയ ഉപരോധങ്ങളെയും ശക്തമായി അപലപിച്ചിരുന്നു. പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത സമ്മേളനം ലക്ഷ്യം വെച്ചത് അമേരിക്കയെ തന്നെ എന്നു വ്യക്തമായിരുന്നു. ഈ നിലപാട് യുഎസിനെ പ്രകോപിപ്പിച്ചതാകാം എന്നും അതാണ് തൊട്ടടുത്ത ദിവസങ്ങളിൽ നൂറു ശതമാനം അധികത്തീരുവ ചുമത്തുന്ന ബില്ലുമായി മുന്നോട്ട് പോകാൻ യുഎസ് ജനപ്രതിനിധി സഭയെ പ്രേരിപ്പിച്ചതെന്നും ഒരുവിഭാഗം വിദഗ്ധർ പറയുന്നു. ഉച്ചകോടിയെ വെല്ലുവിളിയായി വീക്ഷിച്ച വാഷിങ്ടൺ നയതന്ത്രപരമായ തിരിച്ചടിക്ക് പകരം നിയമനിർമാണത്തിലൂടെ പ്രതികരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.

ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയമായ നിവൃത്തികേടുകളും ഈ പ്രശ്നത്തെ സങ്കീർണമാക്കുന്നു. നവംബറിലാണ് അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്. അനന്ത യുദ്ധങ്ങൾക്കില്ലെന്നും ഉടനടി യുക്രൈൻ സംഘർഷം അവസാനിപ്പിക്കുമെന്നും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ട്രംപ് ചെയ്തതെല്ലാം നേരെ വിപരീതമായിരുന്നു. യുക്രൈൻ യുദ്ധം നിർത്താനായില്ലെന്നു മാത്രമല്ല, ഇറാൻ യുദ്ധം തുടങ്ങി വെക്കുകയും ചെയ്തു. ട്രംപിന്റെ നയങ്ങൾ അമേരിക്കൻ സമ്പദ്വ്യവസ്ഥയിൽ കടുത്ത സമ്മർദവും അനിശ്ചിതത്വവുമാണ് സൃഷ്ടിച്ചിരിക്കുന്നത്.

അസ്ഥിരമായ ഇറക്കുമതി തീരുവകളും പശ്ചിമേഷ്യയിലെ സംഘർഷങ്ങളും നിമിത്തം പണപ്പെരുപ്പം കുറയുന്നില്ല. അതിനാൽ ട്രംപിന്റെ എതിർപ്പ് മറികടന്ന് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ ഉയർത്തിയത് വായ്പാ ചെലവുകൾ വർധിപ്പിച്ചു. ഇറക്കുമതിക്ക് ചെലവേറിയതും നയങ്ങളിലെ അസ്ഥിരതയും കാരണം രണ്ടാംപാദത്തിൽ ജിഡിപി വളർച്ച ഒന്നര ശതമാനമായി കുറഞ്ഞു. കൂടാതെ, കോർപ്പറേറ്റ് ഇളവുകൾ മൂലം രാജ്യത്തിന്റെ ധനക്കമ്മിയും കടബാധ്യതയും വൻതോതിൽ വർധിച്ചു. ചുരുക്കത്തിൽ, വാഗ്ദാനം ചെയ്ത സാമ്പത്തിക ഉത്തേജനത്തിന് പകരം വിലക്കയറ്റവും ആഗോള വ്യാപാര അസ്വസ്ഥതകളുമാണ് ട്രംപിന്റെ ഭരണകാലം ഉണ്ടാക്കിയത്.

ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ട്രംപിന് ഈ കടുത്ത നിലപാട് തുടർന്നുകൊണ്ടുപോകാൻ കഴിയുമോ എന്ന് കണ്ടറിയണം. ഒരുപക്ഷേ ഭീഷണി തന്ത്രപരമായ ലിവറേജ് ആയിമാത്രം ഉപയോഗിക്കാനാകാം അദ്ദേഹം ഉദ്ദേശിക്കുന്നത്. എന്നാൽ നിയമം പാസായതോടെ ആ ഘട്ടം കഴിഞ്ഞിരിക്കുന്നു. തോന്നുന്ന പോലെ സമ്പദ്വ്യവസ്ഥയെയും വിദേശനയത്തെയും കൈകാര്യം ചെയ്യുന്ന രീതി ദീർഘകാലാടിസ്ഥാനത്തിൽ അമേരിക്കയ്ക്ക് ദോഷകരമാണ്. ഏകപക്ഷീയ തീരുവകളും ദ്വിതീയ ഉപരോധങ്ങളും തുടർന്നാൽ അമേരിക്കൻ സാമ്പത്തിക നയങ്ങളുടെ വിശ്വാസ്യത കുറയുകയും 'മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' ലക്ഷ്യം പോയിട്ട് സാധാരണനില പുനഃസ്ഥാപിക്കാൻ പോലും ബുദ്ധിമുട്ടാവും!

Content Highlights: US House passes bill authorizing up to 100% import tariffs on nations buying Russian oil and gas., India relies on Russia for about 52% of its crude oil imports as of July 2026., India has diversified its energy sources to around 40 countries, including Venezuela, to counter threats., Bilateral trade between India and US stands at over $140 billion for 2025-26.