ഇറാനിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തെന്ന് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ട്- യുഎൻ റിപ്പോർട്ട്

#ന്യൂസ് ഡെസ്ക്
യുഎസുമായുള്ള ചര്‍ച്ചയ്ക്ക് പാകിസ്താനിലേക്ക് പുറപ്പെട്ട ഇറാന്‍ പ്രതിനിധികളുടെ വിമാനത്തില്‍ മിനാബില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍വെച്ചപ്പോള്‍ (ഫയല്‍ ചിത്രം)|ഫോട്ടോ:AFP
യുഎസുമായുള്ള ചര്‍ച്ചയ്ക്ക് പാകിസ്താനിലേക്ക് പുറപ്പെട്ട ഇറാന്‍ പ്രതിനിധികളുടെ വിമാനത്തില്‍ മിനാബില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ചിത്രങ്ങള്‍വെച്ചപ്പോള്‍ (ഫയല്‍ ചിത്രം)|ഫോട്ടോ:AFP

ന്യൂയോർക്ക്: ഫെബ്രുവരി 28-ന് യു.എസും ഇസ്രായേലും നടത്തിയ സൈനികാക്രമണങ്ങളിൽ അമേരിക്ക യുദ്ധക്കുറ്റം ചെയ്തുവെന്നത് വിശ്വസിക്കാൻ മതിയായ കാരണങ്ങളുണ്ടെന്ന്

ഐക്യരാഷ്ട്രസഭയുടെ വസ്തുതാന്വേഷണ മിഷന്റെ കണ്ടെത്തൽ.

ഇറാനിലെ മിനാബിലെ പ്രൈമറി സ്കൂളിലും ലമേർഡിലെ  സ്പോർട്സ് കോംപ്ലക്സിലുമുള്ള ഫെബ്രുവരി മാസത്തെ മിസൈൽ ആക്രമണങ്ങൾ ഇൻഡിസ്ക്രിമിനേറ്റ് ആക്രമണമായിരുന്നു. ഇത് സാധാരണക്കാരുടെ മരണത്തിനും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നാശനഷ്ടത്തിനും കാരണമായെന്നും ഇറാനെക്കുറിച്ചുള്ള സ്വതന്ത്ര അന്താരാഷ്ട്ര വസ്തുതാന്വേഷണ മിഷന്റെ പുതിയ റിപ്പോർട്ടിൽ പറയുന്നു.

ആക്രമണത്തിൽ ഏകദേശം 120 കുട്ടികളടക്കം 150-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. അതേസമയം, ലമേർഡിൽ ആക്രമണം നടത്തിയെന്ന വാദം യുഎസ് മുമ്പ് നിഷേധിച്ചിരുന്നു. എന്നാൽ, മിനാബിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നാണ് യുഎസ് വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് വിശ്വാസ്യതയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ജനുവരിയിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനിടയിൽ ഇറാനിയൻ അധികാരികൾ മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ ചെയ്തുവെന്നും റിപ്പോർട്ടിലുണ്ട്. ഇറാന്റെ 31 പ്രവിശ്യകളിലും ഞെട്ടിക്കുന്ന കൊലപാതകങ്ങൾ നടന്നു. ഇറാന്റെ ഭാഗത്തുനിന്ന് റിപ്പോർട്ട് സംബന്ധിച്ച് പ്രതികരണമുണ്ടായിട്ടില്ല.

ബംഗ്ലാദേശി നിയമവിദഗ്ദ്ധ സാറ ഹൊസൈന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘത്തിൽ സ്വതന്ത്ര വിദഗ്ധരും ഉൾപ്പെടുന്നുണ്ട്. യുഎൻ മനുഷ്യാവകാശ സമിതിക്ക് കീഴിലാണ് ഇവർ പ്രവർത്തിക്കുന്നത്. യു.എൻ. അംഗരാജ്യങ്ങളായ 47 രാജ്യങ്ങൾ ഉൾപ്പെടുന്ന കൗൺസിലിന് മുമ്പാകെ വിദഗ്ധർ തിങ്കളാഴ്ച തങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ടിനോട് വൈറ്റ്ഹൗസ് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പതിറ്റാണ്ടുകളായി ഗൗരവമില്ലാത്ത അസംബന്ധങ്ങൾ വിളിച്ചുപറയുന്നതല്ലാതെ മനുഷ്യാവകാശത്തിനായി മനുഷ്യാവകാശ സമിതി 'ഒന്നും ചെയ്തിട്ടില്ലെ'ന്ന് വൈറ്റ്ഹൗസ് വക്താവ് അന്ന കെല്ലി പ്രസ്താവനയിൽ പറഞ്ഞു.

'ഈ സംഘർഷത്തിൽ യുദ്ധക്കുറ്റങ്ങൾ ചെയ്ത ഒരേയൊരു വിഭാഗം ഇറാൻ ഭരണകൂടമാണ്. അവർ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തി, വിദേശത്തുള്ള അമേരിക്കക്കാരെ കൊന്നു, ഹോർമുസ് കടലിടുക്കിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി, അയൽക്കാർക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു', വൈറ്റ് ഹൗസ് വക്താവ് കൂട്ടിച്ചേർത്തു.

Content Highlights: UN fact-finding mission accuses US and Israel of war crimes in Iran airstrikes., Airstrikes on a primary school in Minab and a sports complex in Lamerd killed over 150 people, including 120 children., US denied Lamerd attack and questioned the report's credibility., Report also highlights human rights violations by Iranian authorities during January protests., White House strongly rejected the UN Human Rights Council report.