യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ഇന്ത്യയിലേക്ക്. ഒക്ടോബർ 8, 9 തീയതികളിലാണ് സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ, 'വിഷൻ 2035' രൂപരേഖയുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
2025 ജൂലായിൽ മോദി യുകെ സന്ദർശിച്ചതിൻ്റെ തുടർച്ചയായാണ് ഈ സന്ദർശനം. ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും 'വിഷൻ 2035' രൂപരേഖയും പ്രയോജനപ്പെടുത്തി, സാമ്പത്തിക, സാങ്കേതിക, തന്ത്രപരമായ മേഖലകളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ഒരവസരമായാണ് സ്റ്റാർമറിൻ്റെ സന്ദർശനത്തെ നിരീക്ഷിക്കുന്നത്. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ഉൾക്കൊള്ളുന്ന 10 വർഷത്തെ സമഗ്ര പദ്ധതിയാണ് 'വിഷൻ 2035'.
ഒക്ടോബർ 9-ന് മുംബൈയിൽ വ്യവസായ-വാണിജ്യ പ്രമുഖരുമായി മോദിയും സ്റ്റാർമറും കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാർ മുന്നോട്ടുവെക്കുന്ന അവസരങ്ങളിൽ ചർച്ച നടത്തുകയും ചെയ്യും. കൂടാതെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൻ്റെ ആറാം പതിപ്പിൽ പങ്കെടുക്കുകയും നയരൂപകർത്താക്കൾ, വ്യവസായ രംഗത്തെ വിദഗ്ദ്ധർ എന്നിവരുമായി സംവദിക്കുകയും ചെയ്യും.
2025 ജൂലൈ 24-നാണ് സുപ്രധാനമായ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൽ ഇന്ത്യയും യുകെയും ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം, ഇന്ത്യയുടെ കയറ്റുമതിയുടെ ഏകദേശം 99 ശതമാനത്തിനും യുകെയിൽ തീരുവ ഒഴിവ് ലഭിക്കുന്നു. കൂടാതെ, 90% യുകെ ഉൽപ്പന്നങ്ങൾക്കുള്ള തീരുവകളും നീക്കം ചെയ്യപ്പെടും. നിലവിൽ ഏകദേശം 56 ബില്യൺ യുഎസ് ഡോളര്‍ വരുന്ന ഉഭയകക്ഷി വ്യാപാരം 2030 ഓടെ ഇരട്ടിയാക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം.
Content Highlights: UK PM Keir Starmer visits India Oct 8-9, 2025, to boost strategic ties. Leaders to discuss Vision 2035 roadmap, CETA, defense, and innovation.