മിസൈൽ ആക്രമണം; ഇറാനുമായുള്ള എല്ലാ വ്യാപാര-സാമ്പത്തിക ഇടപാടുകളും യുഎഇ നിർത്തിവെച്ചു

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: മേഖലയിൽ സംഘർഷം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, ഇറാനുമായുള്ള എല്ലാവിധ വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും യുഎഇ താത്ക്കാലികമായി നിർത്തിവെച്ചു. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഈ തീരുമാനം പ്രാബല്യത്തിലുണ്ടാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നടപടിയെന്ന് യുഎഇ വ്യക്തമാക്കി. ഇറാനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്കുനേരെ വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം കണ്ടെത്തിയതിനെ തുടർന്നാണ് ഈ കർശന നടപടി. സമുദ്രഗതാഗതത്തെ ലക്ഷ്യം വെച്ചായിരുന്നു മിസൈൽ വിക്ഷേപണമെന്ന് യുഎഇ വിലയിരുത്തുന്നു. ഈ മിസൈലുകൾ കടലിലാണ് പതിച്ചത്. ഇതിൽ ഒരെണ്ണം യുഎഇയുടെ സമുദ്രാതിർത്തിക്കുള്ളിലായിരുന്നു.

മിസൈൽ ഭീഷണി നിലനിന്നിരുന്നതിനാൽ യുഎഇ ആഭ്യന്തര മന്ത്രാലയം താമസക്കാർക്ക് അടിയന്തര സന്ദേശങ്ങൾ അയച്ചിരുന്നു. എന്നാൽ നിലവിൽ രാജ്യത്തെ സാഹചര്യം സുരക്ഷിതമാണെന്നും ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങണമെന്നും അധികൃതർ അറിയിച്ചു. പ്രാദേശികവും അന്തർദ്ദേശീയവുമായ സമാധാനത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ തങ്ങൾ പൂർണ്ണ സജ്ജരാണെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം ആവർത്തിച്ചു.

സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ് ഈ നീക്കമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വിഭാഗം ഡയറക്ടർ അഫ്ര അൽ ഹമേലി വ്യക്തമാക്കി. അതേസമയം യുഎഇയും ഇറാനും തമ്മിലുള്ള നിലവിലെ സാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് പ്രചരിക്കുന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.

Content Highlights: UAE temporarily suspends all trade, commercial, and financial transactions with Iran., Decision follows the detection of two ballistic missiles launched from Iran targeting maritime navigation., One missile fell within UAE territorial waters., UAE authorities assure residents that the situation is currently safe and urge a return to normal life., Action taken to protect economic interests and ensure regional peace and stability.