ഇസ്രയേലിനെ അംഗീകരിക്കാൻ ട്രംപിന്റെ സമ്മർദ്ദം; പാകിസ്താൻ ഊരാക്കുടുക്കിൽ

#ന്യൂസ് ഡെസ്ക്
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പാക് സൈനിക മേധാവി അസിം മുനീര്‍ | ഫയല്‍ചിത്രം | Credit: Third Party via PTI Photo
പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, പാക് സൈനിക മേധാവി അസിം മുനീര്‍ | ഫയല്‍ചിത്രം | Credit: Third Party via PTI Photo

ഇസ്ലാമാബാദ്/വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിച്ചതിന് ശേഷം ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്ന 'അബ്രഹാം ഉടമ്പടിയിൽ' (Abraham Accords) ചേരാൻ പാകിസ്താനോടും ചില ഇസ്‌ലാമിക രാജ്യങ്ങളോടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച പാകിസ്താൻ ഉൾപ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളുമായി ട്രംപ് നടത്തിയ ഉന്നതതല ചർച്ചകളിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇസ്രയേലിന് ഔദ്യോഗിക അംഗീകാരം നൽകണമെന്നാണ് ട്രംപിന്റെ താൽപ്പര്യം. ട്രംപിന്റെ നിർദ്ദേശം നിരസിച്ചാൽ ഭാവിയിലെ ഉഭയകക്ഷി ബന്ധങ്ങളിൽ അത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം പാകിസ്താനും സൗദി അറേബ്യക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്നത് രാഷ്ട്രീയവും നയതന്ത്രപരവുമായ പ്രതിസന്ധിയിലേക്കാകും എത്തിക്കുക. രാജ്യത്തിനകത്ത്‌ ഇത് ഉണ്ടാക്കാൻ പോകുന്ന പ്രതിസന്ധിയോടൊപ്പം അമേരിക്കയെ പിണക്കുന്നതിന്റെ പ്രത്യാഘാതങ്ങളും നേരിടേണ്ടി വരും.

പലസ്തീൻ വിഷയം പാകിസ്താൻ ജനതയെ സംബന്ധിച്ചിടത്തോളം വൈകാരികമായ ഒന്നാണ്. ഇസ്രയേലിനെ അംഗീകരിക്കുന്നത് രാജ്യത്തെ തീവ്രവാദ ഗ്രൂപ്പുകളെയും മതസംഘടനകളെയും പ്രകോപിപ്പിക്കുമെന്നും അത് ആഭ്യന്തര കലാപങ്ങൾക്ക് കാരണമാകുമെന്നും പാക് ഭരണകൂടം ഭയപ്പെടുന്നു. പലസ്തീൻ പ്രശ്‌നത്തെ പാകിസ്താൻ പലപ്പോഴും കശ്മീർ വിഷയവുമായി ഉപമിക്കാറുണ്ട്. അതുകൊണ്ടുതന്നെ പലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റുന്നത് കശ്മീർ കാര്യത്തിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ വാദങ്ങളെ ദുർബലപ്പെടുത്തുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ഇസ്ലാമിക രാജ്യങ്ങളുടെ അബ്രഹാം ഉടമ്പടിയിൽ ചേരാനുള്ള നീക്കങ്ങളെ ശക്തമായി എതിർത്തിരുന്നു. പലസ്തീൻ ജനതയോട് ക്രൂരത കാട്ടുന്ന ഇസ്രയേലിനെ അംഗീകരിക്കാൻ തന്റെ മനഃസാക്ഷി അനുവദിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

നിലവിൽ ജയിലിൽ കഴിയുകയാണെങ്കിലും ഇമ്രാൻ ഖാന് രാജ്യത്തിനകത്ത് വലിയ ജനപിന്തുണയുണ്ട്. വിഷയത്തിൽ അമേരിക്കൻ താത്പര്യത്തിനനുസരിച്ച് പോയാൽ അത് ആഭ്യന്തര കലാപത്തിലേക്കാകും വഴിതെളിക്കുകയെന്ന്‌ ഷെരിഫ് ഭരണകൂടത്തിന് നല്ല നിശ്ചയവുമുണ്ട്. ഇസ്രയേലിനെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് നിലവിലെ സർക്കാരെന്ന് ഇമ്രാൻ ഖാൻ ആരോപിക്കുന്നുമുണ്ട്.

അമേരിക്കയുടെ താല്പര്യങ്ങൾ സംരക്ഷിക്കണോ അതോ സ്വന്തം രാജ്യത്തെ ജനവികാരം മാനിക്കണോ എന്ന ധർമസങ്കടത്തിലാണ് പാകിസ്താനിലെ  ഭരണകൂടം. 2026-ന്റെ തുടക്കത്തിൽ ഗാസയിലെ മാനുഷിക പ്രവർത്തനങ്ങൾക്കായുള്ള ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്' (Board of Peace) കമ്മിറ്റിയിൽ പാകിസ്താൻ ചേർന്നപ്പോൾ തന്നെ രാജ്യത്ത് വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. പലസ്തീന്റെ പേരിൽ വലിയ പ്രതിഷേധങ്ങളും ഉയർന്നു. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ബന്ധം നിലനിർത്തുന്നതിനൊപ്പം തന്നെ രാജ്യത്തിനുള്ളിലെ രാഷ്ട്രീയ അസ്ഥിരത ഒഴിവാക്കാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ പാക് ഭരണകൂടം.

Content Highlights: Donald Trump demands Pakistan join the Abraham Accords to recognize Israel., US Senator Lindsey Graham warns of diplomatic consequences if demands are ignored., Internal political instability risks in Pakistan due to the sensitive Palestine issue., Comparison of the Palestine issue with the Kashmir conflict weakens Pakistan's diplomatic stance., Imran Khan opposes the move, accusing the government of international collusion.