ഒബാമയെ കുരങ്ങനായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ ഡിലീറ്റ് ചെയ്ത് ട്രംപ്; ക്ഷമാപണം നടത്തില്ല

ബരാക് ഒബാമയും ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AFP
ബരാക് ഒബാമയും ഡൊണാള്‍ഡ് ട്രംപും |ഫോട്ടോ:AFP

വാഷിങ്ടൺ: യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയ വീഡിയോ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിച്ചു. എന്നാൽ, ക്ഷമാപണം നടത്താൻ അദ്ദേഹം വിസമ്മതിച്ചു. തന്റെ ഒരു സ്റ്റാഫ് അംഗമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അതിന്റെ തുടക്കം മാത്രമേ താൻ കണ്ടിരുന്നുള്ളൂവെന്നും ഒബാമയെ ചിത്രീകരിച്ച ഭാഗം കണ്ടിട്ടില്ലായിരുന്നെന്നും ട്രംപ് മാധ്യമങ്ങളോട് വിശദീരിച്ചു. ട്രൂത്ത് സോഷ്യലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 12 മണിക്കൂറോളം  സോഷ്യൽ മീഡിയയിൽ തുടർന്ന വീഡിയോ, സ്വന്തം അനുയായികളിൽനിന്ന് പോലും വിമർശനം വന്നതോടെയാണ് ട്രംപ് പിൻവലിക്കാൻ തയ്യാറായത്.

2020-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ക്രമക്കേട് സംബന്ധിച്ചുള്ള അവകാശവാദങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയുടെ അവസാന ഭാഗത്താണ് ഒബാമയേയും ഭാര്യയേയും കുരങ്ങുകളായി ചിത്രീകരിച്ചത്.

സംഭവത്തിൽ ക്ഷാമപണം നടത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് 'ഇല്ല, ഞാൻ തെറ്റ് ചെയ്തിട്ടില്ല' എന്നു ട്രംപ് മറുപടി നൽകി. ഇക്കാര്യം മാധ്യമങ്ങൾ ആവർത്തിച്ചതോടെ, 'തീർച്ചയായും ഞാൻ അപലപിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഒബാമ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.

Content Highlights: Trump Retracts Racist Video Depicting Obamas as Monkeys, Refuses Apology