പുതിനെ കണ്ടതിനു പിന്നാലെ മയപ്പെട്ട് ട്രംപ്; ഒഴിവായിക്കിട്ടുമോ ഇന്ത്യയ്ക്ക് തീരുവ തലവേദന?

അലാസ്‌ക: റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉടനടി പ്രതികാര തീരുവകള്‍ ഏര്‍പ്പെടുത്തേണ്ടതില്ലെന്ന നിലപാടില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായി നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെയാണ് ട്രംപിന്റെ പരാമര്‍ശം. എന്നാല്‍, രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഇത് വീണ്ടും പരിഗണിക്കേണ്ടി വന്നേക്കാമെന്നും ട്രംപ് പറഞ്ഞു.
'ഇന്ന് നടന്ന കാര്യങ്ങള്‍ കാരണം എനിക്ക് താരിഫുകളെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല' എന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ഇനി രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ അതേക്കുറിച്ച് ചിന്തിക്കേണ്ടി വന്നേക്കാം. പക്ഷേ, ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. കൂടിക്കാഴ്ച വളരെ നന്നായി നടന്നുവെന്നാണ് കരുതുന്നതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള എണ്ണ വ്യാപാരത്തെക്കുറിച്ചും ചൈനയ്ക്കുമേല്‍ ചുമത്താന്‍ സാധ്യതയുള്ള തീരുവകളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായാണ് ട്രംപിന്റെ പരാമര്‍ശം.
ഇന്ത്യയും ചൈനയുമാണ് റഷ്യയുടെ ഏറ്റവും വലിയ രണ്ട് എണ്ണ ഉപഭോക്താക്കള്‍. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്നതിനാല്‍ ഇന്ത്യന്‍ കയറ്റുമതിക്കുമേല്‍ 25 ശതമാനം അധിക താരിഫ് പ്രഖ്യാപിച്ച് കഴിഞ്ഞയാഴ്ച ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ചൈനയ്‌ക്കെതിരേ അത്തരത്തിലൊരു നടപടി സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചില്ല. റഷ്യയില്‍നിന്ന് എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരേ താരിഫ് ഏര്‍പ്പെടുത്തിയത് റഷ്യയെ അമേരിക്കയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രേരിപ്പിച്ചെന്ന് ട്രംപ് നേരത്തേ അവകാശപ്പെട്ടിരുന്നു.
Content Highlights: Future of Tariffs on Russian Oil Buyers Uncertain After Trump-Putin Summit