യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തി തായ്ലൻഡ് രാജ്ഞി സുഥിദ; പറത്തിയത് സ്വീഡിഷ് വിമാനം

#ന്യൂസ് ഡെസ്ക്
പറക്കുന്നതിന് മുന്പുള്ള പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന തായ്ലന്‍ഡ് രാജ്ഞി സുഥിദ, കിങ് മഹാ വാജിരാലോങ്കോണ്‍ സമീപം | ഫൈറ്റർ ജെറ്റ് പറത്തുന്ന രാജ്ഞി സുഥിദ
പറക്കുന്നതിന് മുന്പുള്ള പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന തായ്ലന്‍ഡ് രാജ്ഞി സുഥിദ, കിങ് മഹാ വാജിരാലോങ്കോണ്‍ സമീപം | ഫൈറ്റർ ജെറ്റ് പറത്തുന്ന രാജ്ഞി സുഥിദ

ബാങ്കോക്ക്: തെക്കൻ തായ്ലൻഡിലെ സുരത് ഥാനി പ്രവിശ്യയിലെ വിങ് 7 എയർബേസിൽ വെച്ച് ഗ്രിപെൻ യുദ്ധവിമാനത്തിൽ ഒറ്റയ്ക്കുള്ള പറക്കൽ വിജയകരമായി പൂർത്തിയാക്കി തായ്ലൻഡിലെ ക്വീൻ സുഥിദ. സ്വീഡിഷ് നിർമിത യുദ്ധവിമാനം ഒറ്റയ്ക്ക് നിയന്ത്രിച്ചുകൊണ്ട് തന്റെ വ്യോമയാന കരിയറിൽ ഒരു വലിയ നാഴികക്കല്ലാണ് രാജ്ഞി പിന്നിട്ടിരിക്കുന്നത്. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ രാജാവും അവിടെ ഉണ്ടായിരുന്നു.

ഒക്ടോബർ എട്ട് വ്യാഴാഴ്ച, നടന്ന ചടങ്ങിന് സാക്ഷ്യം വഹിച്ച കിങ് മഹാ വാജിരാലോങ്കോൺ, രാജ്ഞിക്ക് പൂച്ചെണ്ടും ഗ്രിപ്പൻ ഓർഡർ ഗോൾഡൻ പാച്ചും നൽകി അഭിനന്ദിച്ചു. സ്വീഡിഷ് നിർമിത യുദ്ധവിമാനം പറത്തുന്നവർക്ക് നൽകുന്ന പ്രത്യേക ചിഹ്നമാണിത്. വിവിധ വിമാനങ്ങളിലായി ആകെ 1,188.48 മണിക്കൂർ പറത്തൽ പരിചയമുള്ള മികച്ച പൈലറ്റാണ് രാജ്ഞി.

സെസ്‌ന, പിലാറ്റസ്, പൈപ്പർ വിമാനങ്ങളും ബോയിംഗ് 737 യാത്രാവിമാനങ്ങളും പറത്തിയ പരിചയം അവർക്കുണ്ട്. വിമാനം പരിശോധിക്കുകയും ചെയ്ത ശേഷമാണ് രാജ്ഞി സിംഗിൾ സീറ്റർ JAS 39 C ഗ്രിപ്പൻ വിമാനം പറത്തിയത്. 2010 മേയ് 13-ന് ബാങ്കോക്കിലെ വിങ് 6-ൽ സെസ്‌ന T-41D വിമാനം പറത്തിക്കൊണ്ടാണ് അവർ പൈലറ്റായുള്ള തന്റെ യാത്ര ആരംഭിച്ചത്.

സിംഗിൾ സീറ്റർ പതിപ്പിൽ ഒറ്റയ്ക്ക് പറക്കുന്നതിന് മുമ്പ് അവർ ടൂ സീറ്റർ ഗ്രിപ്പൻ JAS 39D വിമാനവും പറത്തിയിരുന്നു. രാജകീയ ആവശ്യങ്ങൾക്കായുള്ള ആഭ്യന്തര, അന്തർദേശീയ സർവീസുകളിൽ രാജാവിനൊപ്പം കോ-പൈലറ്റായും രാജ്ഞി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഭൂട്ടാൻ സന്ദർശിച്ചപ്പോൾ, ദുഷ്‌കരമായ ലാൻഡിങ്ങിന് പേരുകേട്ട പാരോ എയർപോർട്ടിൽ ഇരുവരും ചേർന്നാണ് രാജകീയ വിമാനം ഇറക്കിയത്.

ഈ സോളോ ഫ്‌ലൈറ്റ് രാജ്ഞിയുടെ ദീർഘകാല വ്യോമയാന കരിയറിലെ പുതിയൊരു നേട്ടമാണ്. രാജ്യത്തിന്റെ പരമാധികാരിയായ റാണിയുടെ ഈ അപൂർവ്വ നേട്ടം അവരുടെ മിലിട്ടറി, സിവിലിയൻ വ്യോമയാന രംഗത്തെ ശ്രദ്ധേയമായ അനുഭവസമ്പത്തിനെയാണ് എടുത്തുകാണിക്കുന്നത്.

Content Highlights: Thailand's Queen Suthida successfully completed her first solo flight in a single-seat JAS 39C Gripen fighter jet, marking a significant milestone in her aviation career. The Queen, who has extensive flying experience with various aircraft, was congratulated by King Maha Vajiralongkorn, who presented her with a special insignia for flying the Swedish-made fighter jet.