‘മൂന്നാം ലോകത്തുനിന്നുള്ളവർ യുഎസ് കയ്യടക്കുന്നു’, ഹനുമാൻ പ്രതിമയെക്കുറിച്ച് വിവാദപരാമർശം

വാഷിങ്ടൺ: യുഎസിലെ ടെക്സസിലുള്ള 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ നേതാവിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. 'സ്റ്റാച്യൂ ഓഫ് യൂണിയൻ' എന്നറിയപ്പെടുന്ന 2024-ൽ അനാച്ഛാദനം ചെയ്ത പഞ്ചലോഹ അഭയ ഹനുമാൻ പ്രതിമയെക്കുറിച്ചാണ് പരാമർശം. ഡാലസ്-ഫോർട്ട് വർത്ത് മേഖലയിലെ MAGA (Make America Great Again) പ്രവർത്തകനും റിപ്പബ്ലിക്കൻ നേതാവുമായ കാർലോസ് തുർസിയോസാണ് പരാമർശം നടത്തിയത്. മൂന്നാം ലോകത്തുനിന്നുള്ളവർ ടെക്സസും യുഎസും കയ്യടക്കുകയാണെന്നും ഇത്തരത്തിലുള്ള അധിനിവേശം തടയണമെന്നും കാർലോസ് തുർസിയോസ് സാമൂഹികമാധ്യമപോസ്റ്റിൽ കുറിച്ചു.
ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ ഹനുമാൻ പ്രതിമയുടെ വീഡിയോയും കാർലോസ് തുർസിയോസ് പങ്കുവെച്ചു. ഇത് പാകിസ്താനിലെ ഇസ്ലാമാബാദോ ഇന്ത്യയിലെ ന്യൂഡൽഹിയോ അല്ല. ഇത് ടെക്സസിലെ ഷുഗർ ലാൻഡാണ്. മൂന്നാം ലോകത്തിൽ നിന്നുള്ളവർ ടെക്സസും യുഎസും സാവധാനം കയ്യടക്കുകയാണ്. യുഎസിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്രതിമ ഇതായത് എന്തുകൊണ്ടാണ്? ഈ അധിനിവേശം നിർത്തുക." കാർലോസ് കുറിച്ചതിങ്ങനെ.
🚨SUGAR LAND, TEXAS🚨This is not Islamabad, Pakistan, or New Delhi, India. This is Sugar Land, Texas. Third World Aliens are slowly taking over Texas and America. Why is the third-largest statue in the US this??!
Stop the INVASION!
Follow:@Carlos__Turcios pic.twitter.com/hzNIunlyQ4— Carlos Turcios (@Carlos__Turcios) February 16, 2026
കാർലോസ് തുർസിയോസിന്റെ പ്രസ്താവന വിമർശനങ്ങൾക്ക് വഴിവെച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന് സാമൂഹിക ഉപയോക്താക്കൾ കാർലോസിനെ കുറ്റപ്പെടുത്തുകയും അമേരിക്കൻ സമൂഹത്തിന് കുടിയേറ്റക്കാരും വിശ്വാസസമൂഹങ്ങളും നൽകിയ സംഭാവനകളെക്കുറിച്ച് ഓർമിപ്പിക്കുകയും ചെയ്തു. "ഈ പ്രതിമ ടെക്സസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം ഒന്നര വർഷമായി ഇത് ഇവിടെയുണ്ട്. ഈ ക്ഷേത്രത്തിൽ പതിവായി വരുന്ന ഹിന്ദുക്കൾക്ക് ഈ നാട്ടിൽ ആരാധന നടത്താൻ അവകാശമുണ്ട്. അവരുടെ പ്രതിമ നിങ്ങളെ അലട്ടുന്നില്ല. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിൽ, അവഗണിച്ചേക്കൂ." നൂരി സുൻനാഹ് എന്ന ഉപയോക്താവ് പറഞ്ഞു.
നേരത്തെ, ടെക്സസ് റിപ്പബ്ലിക്കൻ നേതാവായ അലക്സാണ്ടർ ഡങ്കൻ പ്രതിമാനിർമാണത്തെ എതിർത്തിരുന്നു. ഒരു ഹിന്ദു ദൈവത്തിന്റെ പ്രതിമ ടെക്സസിൽ സ്ഥാപിക്കാൻ ഞങ്ങൾ എന്തുകൊണ്ടാണ് അനുവദിക്കുന്നത്? നമ്മുടേത് ഒരു ക്രിസ്ത്യൻരാജ്യമാണ്," ഡങ്കൻ കഴിഞ്ഞ വർഷം എക്സിൽ ഹനുമാൻ പ്രതിമയുടെ വീഡിയോയ്ക്കൊപ്പം കുറിച്ചു.
Content Highlights: A 90-foot Hanuman statue in Texas, `Statue of Union,` faces controversy after Republican leader`s `alien invasion` remarks. Learn more about the incident.