‘അതിപ്രധാനമായ ചരിത്രനിമിഷം’;ഓസ്ട്രേലിയൻ കരസേനയുടെ തലപ്പത്ത് ആദ്യമായി ഒരു വനിത, ചരിത്രമായി സൂസൻ കോയ്ൽ

കാൻബെറ: ഓസ്ട്രേലിയൻ സൈന്യത്തിന്റെ തലപ്പത്ത് നടപ്പിലാക്കിയിരിക്കുന്ന ഒരു സുപ്രധാനമായ, ഭരണപരമായ മാറ്റത്തെക്കുറിച്ചാണ് ലോകം ഇപ്പോൾ ചർച്ചചെയ്യുന്നത്. ഓസ്ട്രേലിയൻ സൈന്യത്തെ നയിക്കാൻ ആദ്യമായി ഒരു വനിത എത്തുന്നു. 30 വർഷത്തിലധികമായി ഓസ്‌ട്രേലിയൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനന്റ് ജനറൽ സൂസൻ കോയ്‌ലിനെ കരസേനയുടെ ആദ്യത്തെ വനിതാ മേധാവിയായി നിയമിച്ചിരിക്കുകയാണ് രാജ്യം.
പ്രതിരോധ മേഖലയിലെ ഉയർന്ന സ്ഥാനങ്ങളിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നതിലൂടെ സൈനിക സേവന രംഗത്ത് വലിയ മാറ്റങ്ങളാണ് രാജ്യം ലക്ഷ്യമിടുന്നത്. ചരിത്രപരമായ ഒരു നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സൈനിക സേവനത്തിൽ ദീർഘകാലത്തെ പരിചയസമ്പത്തുള്ള വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനാണ് പുതിയ പരിഷ്‌കാരങ്ങളിലൂടെ ഓസ്ട്രേലിയൻ സർക്കാർ ശ്രമിക്കുന്നത്.
നിലവിലെ നേവി ചീഫ് വൈസ് അഡ്മിറൽ മാർക്ക് ഹാമ്മണ്ടിനെ പ്രതിരോധ സേനയുടെ തലവനായി ഉയർത്തിയതും ഈ പുനഃസംഘടനയിലെ പ്രധാന തീരുമാനമാണ്. നിലവിലെ ആർമി ചീഫ് ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് സൂസൻ കോയ്ൽ നിയമിതയായിരിക്കുന്നത്. വരുന്ന ജൂലൈ മാസത്തോടെ പുതിയ മേധാവികൾ ഔദ്യോഗികമായി തങ്ങളുടെ ചുമതലകൾ ഏറ്റെടുക്കും.
സൈന്യത്തെ നയിക്കാൻ 'ഏറ്റവും കഴിവുറ്റ വ്യക്തി' എന്നാണ് കോയ്‌ലിന്റെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് അഭിപ്രായപ്പെട്ടത്. 1987-ൽ ആർമി റിസർവിൽ ചേർന്ന കോയ്ൽ, 1992-ൽ ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സ് അക്കാദമിയിൽ നിന്ന് ഓഫീസറായി ബിരുദം നേടി. മിഡിൽ ഈസ്റ്റിലെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് 633, ടാസ്‌ക് ഗ്രൂപ്പ് അഫ്ഗാനിസ്ഥാൻ എന്നിവയുടെ കമാൻഡറായി അവർ പ്രവർത്തിച്ചിട്ടുണ്ട്.
ഇൻഫർമേഷൻ വാർഫെയർ വിഭാഗത്തിന്റെ തലപ്പത്തും പ്രവർത്തിച്ചിട്ടുണ്ട്. തിമോർ-ലെസ്റ്റെ, സോളമൻ ദ്വീപുകൾ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ സൈനിക വിന്യാസങ്ങളിൽ അവർ സൈന്യത്തെ നയിച്ചു. 2024 ജൂലൈ മുതൽ എഡിഎഫിന്റെ സൈബർ, സ്‌പേസ് കമാൻഡുകളുടെ ചുമതലയുള്ള ചീഫ് ഓഫ് ജോയിന്റ് കേപ്പബിലിറ്റീസ് ആയി സേവനമനുഷ്ഠിച്ച് വരികയാണ്.
യുഎസ് ആർമി വാർ കോളേജിലെ വിശിഷ്ട ബിരുദധാരിയായ കോയ്ൽ ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. മൂന്ന് കുട്ടികളുടെ അമ്മയാണ്. കോയലിന്റെ ഈ സ്ഥാനക്കയറ്റം ഒരു 'അതിപ്രധാനമായ ചരിത്ര നിമിഷം' ആണെന്ന് പ്രതിരോധ മന്ത്രി മാർലെസ് വിശേഷിപ്പിച്ചു. 'നിങ്ങൾക്ക് കാണാൻ കഴിയാത്ത ഒന്നായി മാറാൻ നിങ്ങൾക്ക് കഴിയില്ല' എന്ന് സൂസൻ തന്നോട് പറഞ്ഞതായി അദ്ദേഹം ഓർമ്മിച്ചു.
ഈ നേട്ടം ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ ഇന്ന് സേവനമനുഷ്ഠിക്കുന്ന സ്ത്രീകൾക്കും ഭാവിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കും വലിയ പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ സൈന്യത്തിൽ ചേരുന്ന സമയത്ത് വെറും 10% മാത്രമായിരുന്നു സ്ത്രീ പങ്കാളിത്തമെന്നും ഇന്ന് നാല് വനിതാ ത്രീ-സ്റ്റാർ ജനറൽമാർ ഉണ്ടെന്നും കോയ്ൽ ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യുന്ന മിടുക്കികളായ നിരവധി സ്ത്രീകൾ ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ടെന്നും അത് സന്തോഷകരമാണെന്നും അവർ പറഞ്ഞു.
Content Highlights: Lt Gen Susan Coyle becomes the first woman to lead the Australian Army. The appointment marks a historic milestone for gender diversity in the ADF. V Adm Mark Hammond appointed as Chief of the Defence Force. Leadership transitions scheduled to take effect in July 2026. Coyle brings extensive experience in information warfare and international deployments.