ഇൻഡൊനീഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത, സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: കിഴക്കൻ ഇൻഡൊനീഷ്യയിലെ ഫ്‌ളോറസ് ദ്വീപിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ഇൻഡൊനീഷ്യൻ അധികൃതരും അറിയിച്ചു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. നൂറുകണക്കിന് പേരെ ദുരന്തസാധ്യതാ പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു.
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം നിരവധി കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിക്കുകയും ചില കെട്ടിടങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. ഇൻഡൊനീഷ്യൻ സമയം ശനിയാഴ്ച രാവിലെ 05:58-നാണ് (ഇന്ത്യൻ സമയം രാവിലെ 03:28) ഭൂചലനമുണ്ടായത്.
ഫ്‌ളോറസ് ദ്വീപിന്റെ വടക്കൻ തീരത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 6.1 തീവ്രതയിലുള്ള ഭൂചലനവും പിന്നാലെ അതിനേക്കാൾ ശക്തമായ ഭൂചലനവുമുണ്ടായി. ഇതിന്റെ ഫലമായി കടലിൽ അരമീറ്റർ മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. പ്രഭവകേന്ദ്രത്തിൽ നിന്ന് 2400 കിലോമീറ്റർ അകലെയുള്ള മൗമറേ പട്ടണത്തിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതായി എഎഫ്പി റിപ്പോർട്ട് ചെയ്തു.
Content Highlights: A powerful 7.7 magnitude earthquake struck off the northern coast of Flores Island in eastern Indonesia early Saturday morning, triggering tsunami warnings and prompting widespread evacuations to higher ground.