UK തിരഞ്ഞെടുപ്പില്‍ താരമായി മലയാളി; കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റ് പിടിച്ചെടുത്ത് സോജന്‍ ജോസഫ്

ലണ്ടന്‍: യു.കെ. പൊതുതിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായി മലയാളിയുടെ വിജയം. ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയും കോട്ടയം ഓണംതുരുത്ത് സ്വദേശിയുമായ സോജന്‍ ജോസഫാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റ് പിടിച്ചെടുത്തുകൊണ്ട് തിരഞ്ഞെടുപ്പിലെ താരമായിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന കെന്റ് കൗണ്ടിയിലുള്ള ആഷ്ഫഡ് മണ്ഡലത്തില്‍ നിന്നാണ് സോജന്‍ ജോസഫ് വിജയിച്ചത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിനെ 1779 വോട്ടിനാണ് സോജന്‍ പരാജയപ്പെടുത്തിയത്. സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) ലഭിച്ചപ്പോള്‍ ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രമേ കിട്ടിയുള്ളൂ. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെയാണ് സോജന്‍ ജോസഫ് ശ്രദ്ധേയനാകുന്നത്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫഡില്‍ അട്ടിമറി വിജയം നേടിയ സോജന്‍ തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനിനെയാണ് തോല്‍പ്പിച്ചത്. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു
കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. ഭാര്യ ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്. കെന്റ് ആന്‍ഡ് മെഡ്‌വേ എന്‍.എച്ച്.എസ്. ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിങ് മേധാവിയാണ് സോജന്‍ ജോസഫ്.
Content Highlights: Sojan Joseph from Kottayam became star in UK election by winning Ashford seat for Labour Party