പാലത്തില്‍ ഇടിച്ച കപ്പല്‍: നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് പാലക്കാട് സ്വദേശിയുടേത്

ബാള്‍ട്ടിമോര്‍: അമേരിക്കയില്‍ പാലം തകര്‍ത്ത ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.
സിങ്കപ്പുര്‍ ആസ്ഥാനമായുള്ള കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും രാജേഷാണ്. സിനര്‍ജിയുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരപ്രകാരം, 14 രാജ്യങ്ങളിലായി 28 ഓഫീസുകള്‍ കമ്പനിക്കുണ്ട്. 24,000 നാവികര്‍ ജോലിചെയ്യുന്നു. 668-ല്‍പ്പരം ചരക്കുകപ്പലുകളുടെ നടത്തിപ്പുകാരാണ്. 2020-ല്‍ ലോയ്ഡ്സ് ലിസ്റ്റ് മാഗസിന്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ ഇടം നേടി. കഴക്കൂട്ടം സൈനിക സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. മുംബൈയിലെ എല്‍.ബി.എസ്. കോളേജ് ഓഫ് അഡ്വാന്‍സ്ഡ് മാരിടൈം സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ തുടര്‍പഠനം. പിന്നീട് മര്‍ച്ചന്റ്‌നേവിയില്‍ ചേര്‍ന്നു. 2006-ല്‍ സിനര്‍ജി ഗ്രൂപ്പ് സ്ഥാപിച്ചു.
യു.എസിലെ ബാള്‍ട്ടിമോര്‍ തുറമുഖത്തിനടുത്തുള്ള പ്രധാന പാലമായ 'ഫ്രാന്‍സിസ് സ്‌കോട്ട് കീ' ആണ് ചരക്കുകപ്പലിടിച്ച് തകര്‍ന്നത്. പാലത്തിലുണ്ടായിരുന്ന വാഹനങ്ങളും ആളുകളും നദിയില്‍ വീണു. കാണാതായ എട്ടുപേരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. ഇതില്‍ ഒരാളുടെ നില അതിഗുരുതരമാണ്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഏഴു വാഹനങ്ങളെങ്കിലും നദിയില്‍ വീണിരിക്കാമെന്ന് ബാള്‍ട്ടിമോര്‍ അധികൃതര്‍ പറഞ്ഞു.
ഇടിച്ചത് ശ്രീലങ്കയിലേക്കു പുറപ്പെട്ട കപ്പല്‍; 22 ജീവനക്കാരും ഇന്ത്യക്കാര്‍
ശ്രീലങ്കയിലേക്കു ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പലാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം. കപ്പലിലെ രണ്ടു കപ്പിത്താന്മാരുള്‍പ്പെടെ 22 ജീവനക്കാരും ഇന്ത്യക്കാരാണെന്നും അവര്‍ സുരക്ഷിതരാണെന്നും നടത്തിപ്പുകാരായ സിനര്‍ജി മറൈന്‍ ഗ്രൂപ്പ് അറിയിച്ചു. മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ കമ്പനിയാണ് സിനര്‍ജി. സിങ്കപ്പൂരിലെ ഗ്രേസ് ഓഷ്യന്‍ പ്രൈവറ്റ് ലിമിറ്റഡാണ് കപ്പലിന്റെ ഉടമകള്‍.
മെരിലന്‍ഡ് സംസ്ഥാനത്തെ പറ്റാപ്സ്‌കോ നദിക്കു കുറുകെയുള്ള കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ പ്രാദേശികസമയം ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് (ഇന്ത്യന്‍ സമയം പകല്‍ 11) കപ്പലിടിച്ചത്. 2.75 കിലോമീറ്റര്‍ നീളമുള്ള പാലം ബാള്‍ട്ടിമോര്‍ തുറമുഖത്തേക്ക് റോഡുമാര്‍ഗമുള്ള കവാടമാണ്. ചെസപീക് ബേയുമായി തുറമുഖത്തെ ബന്ധിപ്പിക്കുന്ന ഈ നാലുവരി പാലത്തിലൂടെ വര്‍ഷം 1.13 കോടി വാഹനങ്ങള്‍ കടന്നുപോകാറുണ്ട്.
മുന്‍നിര വാഹനക്കമ്പനികള്‍ കയറ്റുമതിക്ക് ആശ്രയിക്കുന്ന തുറമുഖം
അപകടസമയത്ത് ട്രാക്ടര്‍-ട്രെയിലറുള്‍പ്പെടെ വിവിധ വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നെന്നും അവ നദിയില്‍ വീണെന്നും ബാള്‍ട്ടിമോര്‍ സിറ്റി അഗ്‌നിരക്ഷാവിഭാഗം വക്താവ് കെവിന്‍ കാര്‍ട്ട്റൈറ്റ് പറഞ്ഞു. അപകടം ഭീകരാക്രമണമല്ലെന്ന് ബാള്‍ട്ടിമോര്‍ പോലീസ് കമ്മിഷണര്‍ റിച്ചാഡ് വോര്‍ലി പറഞ്ഞു.
ജനറല്‍ മോട്ടോഴ്സ്, നിസാന്‍, വോള്‍വോ, ജാഗ്വാര്‍, ഔഡി, ലംബോര്‍ഗിനി തുടങ്ങി പ്രധാന വാഹക്കമ്പനികളുടെയെല്ലാം കയറ്റിറക്കുമതി നടക്കുന്ന തുറമുഖമാണ് ബാള്‍ട്ടിമോര്‍. അപകടംകാരണം ഇതുവഴിയുള്ള വാഹന, കപ്പല്‍ ഗതാഗതം തടസ്സപ്പെട്ടു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇതുവഴി വിമാനങ്ങള്‍ പറക്കുന്നത് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വിലക്കി. അപകടത്തെത്തുടര്‍ന്ന് ചരക്കുകപ്പലുള്‍പ്പെടെ നാല്പതിലേറെ യാനങ്ങള്‍ ബാള്‍ട്ടിമോര്‍ തുറമുഖത്ത് കുടുങ്ങി. തുറമുഖത്തേക്കു വരുകയായിരുന്ന 10 കപ്പലുകള്‍ സമീപ ജലാശയങ്ങളില്‍ നങ്കൂരമിട്ടിരിക്കുകയാണ്.
2016-ല്‍ ദാലി ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പില്‍ തുറമുഖത്തിന്റെ മതിലിലിടിച്ചിരുന്നു. 2007-ല്‍ മിനിയാപോളിസിലെ ഐ-35 ഡബ്ല്യു പാലം മിസിസിപ്പി നദിയില്‍ തകര്‍ന്നുവീണ് 13 പേര്‍ മരിച്ചിരുന്നു.
Content Highlights: Ship that hit on Baltimore francis scott key bridge is owned by Palakkad native