ഊർജ്ജമേഖലയിൽ വെടിനിർത്തിയെന്ന് ട്രംപ്, പിന്നാലെ യുക്രൈനിൽ റഷ്യൻ ആക്രമണം, ആറ് മരണം

#ന്യൂസ് ഡെസ്ക്
ഞായറാഴ്ച, യുക്രെയ്നിലെ ഖാർകീവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന വീടിനു മുന്നിൽ നിന്ന് പരിക്കേറ്റ ഒരാൾ തന്റെ വ്യക്തിഗത വസ്തുക്കൾ ശേഖരിക്കുന്നു. | AP Photo/Andrii Marienko
ഞായറാഴ്ച, യുക്രെയ്നിലെ ഖാർകീവിൽ റഷ്യൻ ആക്രമണത്തിൽ തകർന്ന വീടിനു മുന്നിൽ നിന്ന് പരിക്കേറ്റ ഒരാൾ തന്റെ വ്യക്തിഗത വസ്തുക്കൾ ശേഖരിക്കുന്നു. | AP Photo/Andrii Marienko

കീവ് / വാഷിംഗ്ടൺ: ഊർജ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, യുക്രൈനിലെ നിരവധി പവർ പ്ലാന്റുകൾക്ക് നേരെ റഷ്യ കനത്ത ആക്രമണം നടത്തി. ട്രംപിന്റെ വെടിനിർത്തൽ അവകാശവാദത്തിന് പിന്നാലെ കീവിലും ഖാർകീവിലും റഷ്യൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടന്നു. ഞായറാഴ്ചയുണ്ടായ റഷ്യൻ ആക്രമണങ്ങളിൽ കുട്ടികളടക്കം ആറ് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രംപിന്റെ ഊർജ വെടിനിർത്തൽ പ്രഖ്യാപനം തനിക്ക് പുതിയ അറിവാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങളുണ്ടായത്.

ഞായറാഴ്ച രാത്രി കീവിലുള്ള ഊർജനിലയത്തിന്‌ നേരെ നടന്ന റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തലസ്ഥാന നഗരിയിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഇതിന് തൊട്ടുപിന്നാലെ കിഴക്കൻ നഗരമായ ഖാർകീവിലെ സി.എച്ച്.പി-5 (CHP-5) ഊർജനിലയത്തിന്‌ നേരെയും റഷ്യൻ ആക്രമണമുണ്ടായി. ദിവസം മുഴുവൻ യുക്രൈൻ വ്യോമാതിർത്തിയിൽ റഷ്യൻ ഡ്രോണുകൾ നിറഞ്ഞുനിൽക്കുകയാണെന്ന് പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി വ്യക്തമാക്കി.

ഖാർകീവിലെ ജനവാസമേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് കുട്ടികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പടിഞ്ഞാറൻ യുക്രൈനിലെ മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടതോടെ ഞായറാഴ്ച റഷ്യൻ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ആറായതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

റഷ്യൻ അതിർത്തി മേഖലയായ ബെൽഗൊറോഡിൽ യുക്രൈൻ ഡ്രോൺ ആക്രമണത്തിൽ കാർ തകർന്ന് ഒരാൾ കൊല്ലപ്പെട്ടു. ഡൊണെറ്റ്‌സ്‌കിൽ യുക്രൈൻ നടത്തിയ ആക്രമണത്തിലും ഒരാൾ കൊല്ലപ്പെട്ടതായി റഷ്യൻ അനുകൂല ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയും ഉക്രൈനും തമ്മിൽ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഉടനടി നിർത്തിവെക്കാൻ ധാരണയായതായി ട്രംപ് ഞായറാഴ്ച രാവിലെ തന്റെ 'ട്രൂത്ത് സോഷ്യൽ' അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ കരാറിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കൂടുതൽ വിവരങ്ങൾ തേടുകയാണെന്നും സെലെൻസ്‌കി പ്രതികരിച്ചിരുന്നു. കരാറിന് റഷ്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണവും നൽകിയിട്ടില്ല. ബ്രിട്ടൻ, ഫ്രാൻസ്, കാനഡ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളും യൂറോപ്യൻ കമ്മീഷനും ഊർജ മേഖലയിൽ വെടിനിർത്തലെന്ന നിർദ്ദേശത്തെ തത്വത്തിൽ പിന്തുണച്ചിട്ടുണ്ട്. ലോക വിപണിയിൽ ഇന്ധന വിതരണം പുനഃസ്ഥാപിക്കാൻ ഇത് സഹായിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാം അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ തർക്കവും ഉപരോധ ഇളവും

റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാനും റഷ്യയ്ക്കെതിരായ ചില ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് വരുത്താനും ട്രംപ് ഭരണകൂടം തീരുമാനിച്ചത് യുക്രൈനെയും പാശ്ചാത്യ സഖ്യകക്ഷികളെയും ചൊടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിമർശനങ്ങളോട് പ്രതികരിക്കവേ, യുക്രൈന് പുതിയൊരു പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ സമയമായെന്നാണ് ട്രംപ് പ്രസ്താവിച്ചത്. എന്നാൽ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് സ്വന്തം ജനങ്ങളാണെന്ന് സെലെൻസ്‌കി ചുട്ടമറുപടിയുമായി രംഗത്ത് വരികയും ചെയ്തു. അതേസമയം, റഷ്യൻ എണ്ണ ശുദ്ധീകരണ ശാലകൾക്ക് നേരെയുള്ള ആക്രമണം നിർത്താൻ യുക്രൈനെ പ്രേരിപ്പിക്കുന്നതിനായി ആയുധ ശേഖരണ സംവിധാനങ്ങൾ നിർത്തിവെക്കുമെന്ന് യു.എസ് ഭീഷണിപ്പെടുത്തുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്.

അമേരിക്കയിൽ ഡീസൽ പ്രതിസന്ധി പരിഹരിക്കാനും വിലക്കയറ്റം പിടിച്ചുനിർത്താനും റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു. റഷ്യയിൽ നിന്ന് ക്രൂഡോയിൽ വാങ്ങുന്നതിന് മറ്റ് രാജ്യങ്ങളെ വിലക്കാൻ നിയമം പാസാക്കിയ അമേരിക്ക തന്നെ റഷ്യയിൽ നിന്ന് ഡീസൽ വാങ്ങുന്നതിന്റെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി വിമർശനങ്ങൾ വന്നിരുന്നു. യുക്രൈനും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അതേസമയം നടക്കാൻ പോകുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ജനവികാരം എതിരാകാതിരിക്കാനുള്ള നീക്കങ്ങളാണ് ട്രംപ് നടത്തുന്നത്.

Content Highlights: Russia intensifies attacks on Ukraine's power plants despite ceasefire claims, leading to casualties and power outages in Kyiv and Kharkiv