‘യുദ്ധത്തിനുമുള്ള ജനപിന്തുണ പരിശോധന!’ റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പുതിന്റെ പാർട്ടി വിജയത്തിലേക്ക്

മോസ്കോ: റഷ്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാർട്ടി വലിയ വിജയത്തിലേക്ക് നീങ്ങുന്നു. കാര്യമായ എതിരാളികളില്ലാതെ നടന്ന വോട്ടെടുപ്പിൽ പുറത്തുവന്ന ഭാഗിക ഫലങ്ങൾ അനുസരിച്ച് പാർട്ടി 57.5 ശതമാനം വോട്ടുകൾ നേടിയിട്ടുണ്ട്. തന്റെ നയങ്ങൾക്കും യുക്രൈൻ യുദ്ധത്തിനുമുള്ള ജനപിന്തുണ പരിശോധിക്കാനുള്ള അവസരമായാണ് പ്രസിഡന്റ് വ്ളാദിമിർ പുതിൻ ഈ തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈനിൽ പൂർണ്ണതോതിലുള്ള സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം നടക്കുന്ന ആദ്യ പാർലമെന്റ് തിരഞ്ഞെടുപ്പാണിത്. കമ്മ്യൂണിസ്റ്റ് പാർട്ടി, എൽ.ഡി.പി.ആർ, ന്യൂ പീപ്പിൾ, ജസ്റ്റ് റഷ്യ തുടങ്ങിയ മറ്റ് പാർട്ടികൾ വോട്ട് വിഹിതത്തിൽ ഏറെ പിന്നിലാണെങ്കിലും 450 അംഗ സ്റ്റേറ്റ് ഡ്യൂമയിൽ സീറ്റുകൾ നേടുമെന്ന് ഉറപ്പായിട്ടുണ്ട്.
യുണൈറ്റഡ് റഷ്യ പാർട്ടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, ഭരണത്തിൽ തുടരാൻ റഷ്യൻ ജനത പാർട്ടിയെ തന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഫലം വ്യക്തമാക്കുന്നതായും റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും മുൻ പ്രസിഡന്റുമായ ഡിമിത്രി മെദ്‌വദേവ് പറഞ്ഞു.
യുദ്ധത്തെ എതിർത്ത ഭൂരിഭാഗം സ്ഥാനാർത്ഥികളെയും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. അതേസമയം സൈനിക നിയമംമൂലം തിരഞ്ഞെടുപ്പ് നിർത്തിവെച്ചിരിക്കുന്ന യുക്രൈൻ, റഷ്യയിലെ വോട്ടെടുപ്പിനെ 'വ്യാജ തിരഞ്ഞെടുപ്പ്' എന്ന് വിശേഷിപ്പിച്ച് തള്ളി.