പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്ന് കരുതി; മലാലയുടെ വിവാഹം ഞെട്ടിച്ചെന്ന് തസ്ലീമ നസ്റിന്‍

മലാലയും അസ്സര്‍ മാലിക്കും| തസ്ലീമ നസ്റിന്‍ | Photo: PTI| AFP
മലാലയും അസ്സര്‍ മാലിക്കും| തസ്ലീമ നസ്റിന്‍ | Photo: PTI| AFP

ലണ്ടന്‍: പാകിസ്താനി സാമൂഹ്യ പ്രവര്‍ത്തകയും സമാധാന നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്സായ് ഒരു പാകിസ്താനി യുവാവിനെ വിവാഹം കഴിച്ച വാര്‍ത്ത ഞെട്ടിച്ചെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്‍. പുരോഗമനാശയമുള്ള ഒരു ഇംഗ്ലീഷ് യുവാവിനെ മലാല  വിവാഹം കഴിക്കുമെന്നാണ് കരുതിയതെന്ന് തസ്ലീമ ട്വിറ്ററില്‍ കുറിച്ചു.

"മലാല ഒരു പാകിസ്താനിയെ വിവാഹം കഴിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. അവള്‍ക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കാന്‍ പോയ അവള്‍ ഒരു സുന്ദരനായ പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നാണ് ഞാന്‍ കരുതിയത്. 30 വയസ്സിനുമുമ്പ് വിവാഹം കഴിക്കുമെന്നും കരുതിയില്ല', അവര്‍ പറഞ്ഞു.

ചില സ്ത്രീവിരുദ്ധ താലിബാന്‍കാര്‍ മലാലയുടെ വിവാഹത്തില്‍ സന്തുഷ്ടരാണെന്നും അവര്‍ പറഞ്ഞു. കാരണം മലാല ഒരു പാകിസ്താനി മുസ്ലീമിനെ വിവാഹം കഴിച്ചു. അതും വളരെ ചെറിയ പ്രായത്തില്‍ തന്നെ. സ്ത്രീകള്‍ സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹം കഴിക്കരുതെന്നും അവർ പറഞ്ഞു. വിവാഹത്തെക്കുറിച്ച് മലാല മുന്‍പ് നടത്തിയ അഭിപ്രായ പ്രകടനം ചൂണ്ടിക്കാട്ടി, 'ജൂലായില്‍ അവർക്ക് കൂടുതല്‍ പക്വതയുണ്ടായിരുന്നെ'ന്നും തസ്ലിമ പരിഹസിച്ചു.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലിക്കിനെയാണ് മലാല വിവാഹം കഴിച്ചത്. ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്. വിവാഹിതയായ കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ മലാല തന്നെയാണ് പങ്കുവെച്ചത്.

Content highlights: Quite shocked to learn Malala married a Pakistani guy, says taslima nasreen

Content Highlights: