മൗറീഷ്യസിന് ഗംഗാജലം സമ്മാനിച്ച് മോദി, തിരിച്ച് പരമോന്നത പുരസ്‌കാരം സമര്‍പ്പിച്ച് മൗറീഷ്യസ്

പോര്‍ട്ട് ലൂയിസ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെത്തി. മൗറീഷ്യസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം സംസാരിച്ചു. രാജ്യത്തിന്റെ സമ്മാനമായി ഗംഗാജലവും ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മോദി മൗറീഷ്യസ് പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും സമ്മാനിച്ചു. മൗറീഷ്യസ് പരമോന്നത പുരസ്‌കാരം നല്‍കി രാജ്യം മോദിയെ ആദരിച്ചു.
'പത്തുവര്‍ഷം മുമ്പ് ഇതേ ദിനത്തിലാണ് മൗറീഷ്യസ് സന്ദര്‍ശിച്ചത്. ഹോളി ആഘോഷിച്ച് ഒരാഴ്ച കഴിഞ്ഞ്... ഇത്തവണ ഹോളിനിറങ്ങളുമായാണ് ഞാന്‍ ഇന്ത്യയിലേക്ക് തിരിക്കുക' -പ്രധാനമന്ത്രി നരേന്ദ്രമോദി മൗറീഷ്യസിലെ ഇന്ത്യന്‍ ജനതയെ നോക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
നമ്മള്‍ ഒരു കുടുംബം പോലെയാണെന്ന് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്തുകൊണ്ട് മോദി പറഞ്ഞു. 'സമാന വികാരത്തോടെ പ്രധാനമന്ത്രി നവിന്‍ചന്ദ്ര രംഗൂലവും മറ്റുള്ളവരും ഇവിടെ സന്നിഹിതരായിരിക്കുന്നു. ഞാന്‍ നിങ്ങളെല്ലാവരെയും സ്വാഗതം ചെയ്യുന്നു'- മോദി പറഞ്ഞു.
മൗറീഷ്യസിലെ പരമോന്നത പുരസ്‌കാരമായ ദ ഗ്രാന്റ് കമാന്റര്‍ ഓര്‍ഡര്‍ ഓപ് ദ സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദ ഇന്ത്യന്‍ ഓഷ്യന്‍ പുരസ്‌കാരം പ്രധാനമന്ത്രി നവിന്‍ചന്ദ്ര രംഗൂലം നരേന്ദ്രമോദിക്ക് സമര്‍പ്പിച്ചു. പുരസ്‌കാരം ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി മോദി അറിയിച്ചു.
മൗറീഷ്യസ് ജനതയും സര്‍ക്കാറും അവരുടെ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി തനിക്ക് നല്‍കാന്‍ തീരുമാനിച്ചുവെന്നും ഏറെ ആദരവോടെയും വിനയത്തോടെയും ഈ തീരുമാനത്തെ സ്വീകരിക്കുന്നതായും മോദി പറഞ്ഞു. 'ഇത് എനിക്കുള്ള അംഗീകാരമല്ല, ഇന്ത്യയും മൗറീഷ്യസുമായുള്ള ചരിത്രപരമായ ബന്ധത്തിനുള്ള അംഗീകാരമാണ്' - മോദി പറഞ്ഞു.
അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നവേളയില്‍ ഇന്ത്യയില്‍ ആഘോഷങ്ങളുണ്ടായപ്പോള്‍ മൗറീഷ്യസിലും സമാനമായ ആഘോഷങ്ങള്‍ തങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു.
മഹാകുംഭമേളയില്‍ നിന്നും സംഭരിച്ച ഗംഗാജലവും ബിഹാറി വിശിഷ്ട ഭക്ഷണമായ മഖാനയും മോദി മൗറീഷ്യസ് പ്രസിഡണ്ട് ധരംഭീര്‍ ഗോഖൂലിന് സമ്മാനിച്ചു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാജലം മൗറീഷ്യസിലേക്ക് കൊണ്ടുവന്നിരുന്നതായും അത് ഗംഗാ തടാകത്തില്‍ ഒഴുക്കിയിരുന്നതായും മോദി പറഞ്ഞു. ഭാഷയും ഭക്ഷണവും നോക്കുകയാണെങ്കില്‍ മൗറീഷ്യസില്‍ ഒരു 'മിനി ഇന്ത്യ' നിലകൊള്ളുന്നതായും മോദി പറഞ്ഞു.
ഹിന്ദിയിലും ഭോജ്പുരിയിലുമായിരുന്നു നരേന്ദ്രമോദി മൗറീഷ്യസിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ബിഹാറിലെ മഖാന അധികം വൈകാതെ തന്നെ ഒരു ഗ്ലോബല്‍ സ്‌നാക് ആയി മാറുമെന്ന് പറഞ്ഞുകൊണ്ട് ബിഹാര്‍ ഭക്ഷണത്തെയും മോദി പരാമര്‍ശിച്ചു.
'മൗറീഷ്യസ് ഇന്ത്യയുടെ വെറുമൊരു പങ്കാളി രാജ്യമല്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മൗറീഷ്യസ് ഒരു കുടുംബമാണ്. ഈ ബന്ധം ആഴമേറിയതും ശക്തവുമാണ്, ചരിത്രത്തിലും പൈതൃകത്തിലും മനുഷ്യാത്മാവിലും വേരൂന്നിയതാണ്. ആഗോള തലത്തില്‍ ദക്ഷിണേന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു പാലം കൂടിയാണ് മൗറീഷ്യസ്.' -പ്രധാനമന്ത്രി മോദി പറഞ്ഞു.
Content Highlights: pm modi visited mauritius for addressing indian community