'നമ്മളാണിപ്പോൾ ഇൻസ്റ്റഗ്രാമിൽ പ്രശസ്തർ'; ജി7 ഉച്ചകോടിക്കെത്തിയ മോദിയോട് മെലോണി

പാരിസ്: ഫ്രാൻസിലെ എവിയൻ-ലെ-ബെയ്ൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നു.
ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള മറ്റ് ലോക നേതാക്കളോടൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്കായി തയ്യാറെടുക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്കിടെ, ‘ഇൻസ്റ്റാഗ്രാമിലെ ഏറ്റവും പ്രശസ്തരായ ആളുകളാണ് നമ്മൾ’ എന്ന് മെലോണി മോദിയോട് പറയുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോഴായിരുന്നു മെലോണിയുടെ പ്രതികരണം.
2023-ലെ ഇന്ത്യ- ഇറ്റലി ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ പേരുകൾ കൂട്ടിച്ചേർത്ത് 'മെലഡി' പ്രചാരത്തിലായത്. 2025-മെയ് മാസത്തിൽ പ്രധാനമന്ത്രി മോദിയുടെ റോം സന്ദർശന വേളയിൽ അദ്ദേഹം മെലോണിക്ക് പാർലെയുടെ 'മെലഡി' ചോക്ലേറ്റ് പാക്കറ്റ് സമ്മാനിച്ചത് ട്രെൻഡിന് വലിയ പ്രചാരം നൽകിയിരുന്നു. "വളരെ വളരെ നല്ല മിഠായി" എന്ന് വിശേഷിപ്പിച്ചുകൊണ്ട് ആ വീഡിയോ മെലോണി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
മുൻപ് 2024-ൽ മോദിയുമൊത്തുള്ള സെൽഫി പങ്കുവെച്ചപ്പോഴും 2025-ലെ ജി-7 ഉച്ചകോടിക്കിടെ 'മെലോഡി ടീമിൽനിന്നുള്ള അഭിവാദ്യങ്ങൾ' എന്ന പേരിൽ വീഡിയോ പങ്കുവെച്ചപ്പോഴും മെലോണി ഈ പേര് ഉപയോഗിച്ചിരുന്നു.
Content Highlights: Viral interaction between PM Modi and Giorgia Meloni at the 2026 G7 Summit., Evolution of the 'Melodi' internet trend from 2023 to 2026., Strategic importance of India-Italy bilateral trade worth $16.77 billion., Italy's role as a key partner in the India-Middle East-Europe Economic Corridor (IMEC).