പാകിസ്താനില്‍ ജനം തിങ്ങിനിറഞ്ഞ റെയില്‍വെ സ്റ്റേഷനില്‍ സ്‌ഫോടനം; നടുക്കുന്ന CCTV ദൃശ്യം പുറത്ത്

ഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യലുള്ള റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാവിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം.
സംഭവസമയത്ത് റെയില്‍വേ സ്റ്റേഷനില്‍ 100-ഓളം പേര്‍ ഉണ്ടായിരുന്നതായും ക്വറ്റ പോലീസ് സീനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബലൂച് അറിയിച്ചിരുന്നു.
അപകട സ്ഥലത്തേക്ക് സുരക്ഷാസേനയെ അയച്ചതായി ബലൂചിസ്താന്‍ സര്‍ക്കാര്‍ വക്താവ് ഷാഹിദ് റിന്ദ് അറിയിച്ചിരുന്നു. തിരക്കേറിയ റെയില്‍വേ സ്‌റ്റേഷനായതു കൊണ്ടുതന്നെ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന സൂചനയുണ്ട്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും ഷാഹിദ് റിന്ദ് പറഞ്ഞു.
ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിട്ടുണ്ട്. റെയില്‍വേ സ്റ്റേഷനില്‍ തങ്ങളുടെ ചാവേര്‍ സംഘങ്ങള്‍ നിലയുറപ്പിച്ചിരുന്നുവെന്ന് പ്രസ്താവനയില്‍ ബി.എല്‍.എ. അവകാശപ്പെട്ടു. അതേസമയം, ബി.എല്‍.എയുടെ പങ്ക് സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്ന് ഷാഹിദ് റിന്ദ് പറഞ്ഞു.
Content Highlights: Quetta Railway Station Suicide Bombing cctv footage out