പാകിസ്താൻ എയർലൈൻസ് സ്വകാര്യകമ്പനിക്ക് വിറ്റു

പ്രതീകാത്മക ചിത്രം | Photo: facebook.com/PakistanIntAirlines
പ്രതീകാത്മക ചിത്രം | Photo: facebook.com/PakistanIntAirlines

ഇസ്‍ലാമാബാദ്: പാകിസ്താന്റെ പൊതുമേഖലാ വ്യോമയാന കമ്പനിയായ ‘പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ്’(പിഐഎ) സ്വകാര്യകമ്പനിക്ക് വിറ്റു. ചൊവ്വാഴ്ച നടന്ന ലേലത്തിൽ നിക്ഷേപക കമ്പനിയായ ആരിഫ് ഹബീബാണ് 13,500 കോടി പാകിസ്താനി രൂപയ്ക്ക്(ഏകദേശം 4317 കോടി ഇന്ത്യൻ രൂപ) കമ്പനി ഏറ്റെടുത്തത്.

ഇസ്‍ലാമാബാദിൽ നടന്ന പിഐഎയെ സ്വകാര്യവത്കരിക്കുന്നതിനുള്ള അവസാനഘട്ടലേലത്തിൽ ആരിഫ് ഹബീബിനെക്കൂടാതെ മുൻകൂട്ടി യോഗ്യത നേടിയ ലക്കി സിമന്റ്, സ്വകാര്യ വ്യോമയാന കമ്പനിയായ എയർബ്ലൂ എന്നീ കമ്പനികൾ പങ്കെടുത്തു. പിഐഎ വാങ്ങുന്നതിനായി കമ്പനികൾ നൽകിയ ടെൻഡറിൽ ആരിഫ് ഹബീബ് 11,500കോടി രൂപയും ലക്കി സിമന്റ് 10,550 കോടി രൂപയും എയർബ്ലൂ 2650 കോടി രൂപയുമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, അടിസ്ഥാനവില 10,000 കോടി രൂപയായി പാക് സർക്കാർ നിശ്ചയിച്ചതോടെ ആരിഫ് ഹബീബും ലക്കി സിമന്റും തമ്മിലായി ലേലംവിളി.

പിഐഎയുടെ 75 ശതമാനം ഓഹരിയാണ് ഇപ്പോൾ വിൽക്കുന്നത്. ശേഷിക്കുന്ന 25 ശതമാനം ഓഹരി വാങ്ങാൻ വിജയിക്കുന്ന കമ്പനിക്ക് 90 ദിവസത്തെ സാവകാശമുണ്ട്. നിക്ഷേപകൻ അടുത്ത അഞ്ച് വർഷത്തിനിടെ 8000 കോടി പാക് രൂപയുടെ നിക്ഷേപം നടത്തണമെന്നും വ്യവസ്ഥയുണ്ട്. കഴിഞ്ഞ വർഷം പിഐഎയുടെ 65,400 പാക് രൂപയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുത്തിരുന്നു. നിയമപ്രകാരം, പിഐഎയുടെ ആദ്യ 75 ശതമാനം ഓഹരികളുടെ വിൽപ്പനയിൽനിന്ന് ലഭിക്കുന്ന തുകയുടെ 92.5 ശതമാനം എയർലൈനിൽത്തന്നെ പുനർനിക്ഷേപിക്കും. ശേഷിക്കുന്ന 7.5 ശതമാനം സർക്കാരിലേക്ക് കൈമാറും. അന്തരാഷ്ട്ര നാണയനിധിയുടെ വായ്പാ നിബന്ധനപ്രകാരമാണ്‌ നഷ്ടത്തിലുള്ള കമ്പനിയുടെ സ്വകാര്യവത്‌കരണം.

Content Highlights: Pakistan International Airlines (PIA) has been sold to a private company, Arif Habib Group, for PKR 13,500 crore. Learn more about the privatization.