ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് ട്രോൾമഴ

ഇസ്ലാമാബാദ്: കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 26 നിരപരാധികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇതിന് മറുപടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാക് സൈനിക താവളങ്ങൾക്കും ഭീകരകേന്ദ്രങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ ഇന്ത്യക്കുനേരെ നടത്തിയ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികതാവളങ്ങൾ തകർക്കപ്പെട്ടു എന്ന അവകാശവാദവുമായി പാക് സൈന്യം.
ഈ അവകാശവാദം തെറ്റാണെന്നും, തകർക്കപ്പെട്ടതായി പാക് സൈനിക ഉദ്യോഗസ്ഥൻ പറയുന്ന വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിനുപിന്നാലെ, വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്ന തരത്തിൽ വലിയ വിമർശനമാണ് പാക് സൈന്യം ഏറ്റുവാങ്ങുന്നത്.
ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി പാകിസ്താൻ നടത്തിയ ഓപ്പറേഷൻ ബുന്യാനുൽ മർസൂസ്' (Operation Bunyan Ul Marsoos) ആക്രമണത്തിൽ പാകിസ്താൻ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയിരുന്നു. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലായി കുറഞ്ഞത് 26 ലക്ഷ്യങ്ങളെയാണ് അവർ ഉന്നംവെച്ചത്.
2025 മെയ് 10-ന് പാകിസ്താൻ സൈന്യം തൊടുത്തുവിട്ട ആയുധങ്ങളിൽ ഫത്താ-1 (Fatah-1) ഗൈഡഡ് ആർട്ടിലറി റോക്കറ്റും ഉൾപ്പെടുന്നു. ഈ മിസൈൽ ഉപയോഗിച്ച് ഇന്ത്യയിലെ രണ്ട് സൈനിക കേന്ദ്രങ്ങൾ തകർത്തുവെന്ന പാക് സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുനീബ് സമാലിന്റെ അവകാശവാദമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ രജൗരി, മാമുൻ എന്നീ വ്യോമതാവളങ്ങൾ നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞത്.
എന്നാണ് ഈ അഭിമുഖം എടുത്തതെന്നു വ്യക്തമല്ല. പക്ഷേ, ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഫത്താ-1 ഓപ്പറേഷനുമായി ബന്ധപ്പെട്ട ഓഫീസർ എന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ക്യാപ്റ്റൻ മുനീബ് സമാൽ സംസാരിക്കുന്നത്. ഫത്താ-1 മിസൈലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയോ എന്ന അവതാരകന്റെ ചോദ്യത്തിന്, 'രണ്ട് ദൗത്യങ്ങളും വിജയകരമായി പൂർത്തിയാക്കി' എന്നായിരുന്നു ക്യാപ്റ്റൻ മുനീബ് സമലിന്റെ മറുപടി.
'ഞങ്ങൾക്ക് രജൗരി എയർബേസ്, മാമൂൺ എയർബേസ് എന്നീ രണ്ട് ലക്ഷ്യങ്ങളാണ് നൽകിയിരുന്നത്, ഞങ്ങൾ അവ വിജയകരമായി തകർത്തു.' അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മിസൈൽ വിക്ഷേപണ സമയത്ത് പ്രദേശവാസികളുടെ സാന്നിധ്യം വീഡിയോകളിൽ കണ്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ, 'നാട്ടുകാരുടെ സാന്നിധ്യം ഓപ്പറേഷനിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകമായിരുന്നു' എന്നായിരുന്നു ഓഫീസറുടെ വാദം.
എന്നാൽ, ഇന്ത്യയിൽ അത്തരത്തിൽ രണ്ട് വ്യോമതാവളങ്ങൾ നിലവിലില്ല എന്നതാണ് വസ്തുത. ജമ്മു കശ്മീരിലെ ഒരു ജില്ലയാണ് രജൗരി, അവിടെ ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തനക്ഷമമായ വ്യോമതാവളങ്ങളൊന്നുമില്ല. പഞ്ചാബിലെ പത്താൻകോട്ടിനടുത്തുള്ള ഒരു സൈനിക കന്റോൺമെന്റ് ഏരിയയാണ് മാമൂൺ. അവിടെയും വ്യോമതാവളമില്ല. പിന്നാലെ, നിലവിലില്ലാത്ത സൈനിക താവളങ്ങളെക്കുറിച്ചുള്ള പാക് ഉദ്യോഗസ്ഥന്റെ വീമ്പുപറച്ചിലിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
'പുരാവസ്തു ഗവേഷകർ, ഭൂപട നിർമ്മാതാക്കൾ, ഗൂഗിൾ മാപ്സ്, ഇന്ത്യൻ വ്യോമസേന എന്നിവർ ചേർന്ന് ഇതിഹാസതുല്യമായ 'രജൗരി, മാമൂൺ വ്യോമതാവളങ്ങൾ' കണ്ടെത്താൻ സംയുക്ത ദൗത്യം ആരംഭിച്ചിട്ടുണ്ട്. ആർക്കെങ്കിലും ഇതിന്റെ ലൊക്കേഷൻ അറിയാമെങ്കിൽ ദയവായി അധികൃതരെ അറിയിക്കുക.' എന്ന് ഒരാൾ ‘എക്‌സി’ൽ കുറിച്ചു. മറ്റൊരാൾ കുറിച്ചു, 'ഫത്താ-1 രജൗരി, മാമൂൺ വ്യോമതാവളങ്ങളെ പാകിസ്താൻ തകർത്തത് എത്ര മാരകമായാണ് എന്നറിയാമോ, അവ ഉണ്ടായിരുന്നു എന്നുപോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായി! അടുത്ത ലക്ഷ്യം അറ്റ്‌ലാന്റിസ് ആണോ?'
ഓപ്പറേഷൻ ബുന്യാനുൽ മർസൂസിന് കീഴിൽ ഉധംപൂർ, പത്താൻകോട്ട്, ആദംപൂർ വ്യോമതാവളങ്ങളെ ലക്ഷ്യം വെച്ചതായും പാകിസ്താൻ നേരത്തെ അവകാശപ്പെട്ടിരുന്നു. ആക്രമണത്തിന് ശേഷം ഹരിയാനയിലെ സിർസയിലുള്ള വയലുകളിൽനിന്നും രാജസ്ഥാനിലെ ബാർമർ, പഞ്ചാബിലെ ജലന്ധർ എന്നിവിടങ്ങളിൽനിന്നും മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
പിന്നീട് 2025 സെപ്റ്റംബറിൽ ശ്രീനഗറിലെ ദാൽ തടാകത്തിൽനിന്നും ഫത്താ-1 മിസൈലിന്റേതെന്ന് കരുതുന്ന അവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. പാകിസ്താൻ തൊടുത്തുവിട്ട ഫത്താ-II മിസൈലിനെ സിർസയിലെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
Content Highlights: Pakistani officer claims successful strikes on Rajouri and Mamun airbases. Fact-check confirms these airbases do not exist. Details on Operation Bunyan-un-Marsoos missile deployment in 2025. Online backlash and mockery regarding the false military claims.