കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യക്ക് അനുമതി

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് ഭാര്യയെ കാണാന്‍ അവസരമൊരുക്കുമെന്ന് പാകിസ്താന്‍. ഇതുസംബന്ധിച്ച അറിയിപ്പ് ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിനെ പാകിസ്താന്‍ രേഖാമൂലം അറിയിച്ചു. മാനുഷിക പരിഗണനയെ കരുതിയാണ് കുല്‍ഭൂഷണന്‍ ജാദവിന് ഭാര്യയെ കാണാന്‍ അവസരമൊരുക്കുന്നതെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാര്യം ഇന്ത്യ പലതവണ പാകിസ്താനുമുന്നില്‍ ഉന്നയിച്ചിരുന്നതാണ്. ഇന്ത്യാ- പാക് വിദേശകാര്യ വകുപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍ ഇന്ത്യ ഇക്കാര്യം ഔദ്യോഗികമായി ഉന്നയിക്കുകയും ചെയ്ത് ഒരുമാസം കഴിഞ്ഞപ്പോഴാണ് കുല്‍ഭൂഷണന്‍ ജാദവും ഭാര്യയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങിയത്.
കഴിഞ്ഞ ജൂലൈ മുതല്‍ ജാദവിനെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളെ പാകിസ്താനിലെത്തിക്കാന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ വിസാ അപേക്ഷയോട് പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നില്ല. വിഷയത്തില്‍ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവിന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തിപരമായി കത്തയയ്ക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ ഭാഗത്തുനിന്ന് 15 തവണ വിസാ അപേക്ഷകള്‍ നല്‍കിയെങ്കിലും അവയൊക്കെ നിരസിക്കപ്പെടുകയായിരുന്നു. ഇത് വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇന്ത്യ ആരോപിക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതും ജാദവിന്റെ കേസ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പരിഗണനയിലിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റാന്‍ പാകിസ്താന്‍ തയ്യാറായതെന്നാണ് വിവരങ്ങള്‍. 2016 മാര്‍ച്ചിലാണ് പാകിസ്താന്‍ മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തത്. അനധികൃതമായി പാകിസ്താനില്‍ കടന്നതിനും ചാരപ്രവര്‍ത്തനം നടത്തിയതിനുമാണ് അറസ്‌റ്റെന്നാണ് പാകിസ്താന്‍ അറിയച്ചത്. അതേസമയം പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐ ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.
Kulbhushan Jadhav, India, Pakistan


VIEW ON mathrubhumi.com