'ഷേവിങ് മുടങ്ങുമോ'; പ്രമുഖ യുഎസ് കമ്പനി കൂടി പാകിസ്താന് വിടുന്നു; പാക് സര്‍ക്കാരിനെതിരേയും പ്രതിഷേധം

ഇസ്ലാമാബാദ്: പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയായ 'പി ആന്‍ഡ് ജി'യും(പ്രോക്ടര്‍ ആന്‍ഡ് ഗാംബ്ലെ) പാകിസ്താന് വിടുന്നു. യുഎസ് കമ്പനിയായ പി ആന്‍ഡ് ജി വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പാകിസ്താനിലെ തങ്ങളുടെ ഉത്പാദനം, കൊമേഴ്ഷ്യല്‍ ഓപ്പറേഷന്‍സ് എന്നിവ അവസാനിപ്പിക്കുന്നതായാണ് കമ്പനി അറിയിച്ചത്. ഷെല്‍, ഫൈസര്‍, മൈക്രോസോഫ്റ്റ്, യൂബര്‍, യമഹ മോട്ടോര്‍സ് തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ പാകിസ്താന് വിടുന്ന പ്രമുഖ മള്‍ട്ടിനാഷണല്‍ കമ്പനിയാണ് പി ആന്‍ഡ് ജി.
പാംപേഴ്സ്, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ് ഷാംപൂ, ജില്ലേറ്റ് റേസര്‍ ബ്ലേഡുകള്, ഓറല്‍-ബി ടൂത്ത്പേസ്റ്റ് ടൂത്ത് ബ്രഷ്, ടൈഡ് ആന്‍ഡ് ഏരിയല്‍ ഡിറ്റര്‍ജന്റ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പാദകരാണ് യുഎസ് കമ്പനിയായ പി ആന്‍ഡ് ജി.
അതിനിടെ, പി ആന്‍ഡ് ജി പാകിസ്താന് വിടുന്നത് സാമൂഹികമാധ്യമങ്ങളിലടക്കം ചര്‍ച്ചയായിട്ടുണ്ട്. മറ്റൊരു മള്‍ട്ടിനാഷണല്‍ കമ്പനി കൂടി പാകിസ്താന് വിടുന്നത് രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ നിലവിലെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇതിനൊപ്പം സോപ്പും ഡിറ്റര്‍ജന്റും ഷേവിങ് ബ്ലേഡുകളും അടക്കമുള്ള അവശ്യവസ്തുക്കള്‍ക്ക് ക്ഷാമം നേരിടുമോ എന്ന ആശങ്കയും പാകിസ്താനിലെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെച്ചു. ചിലര്‍ ട്രോളുകളിലൂടെയാണ് തങ്ങളുടെ ആശങ്ക ഉന്നയിച്ചത്.
പി ആന്‍ഡ് ജിയുടെ പിന്മാറ്റം പാകിസ്താന് വിപണിയില്‍ മറ്റുവില കുറഞ്ഞ ഉത്പന്നങ്ങള്‍ കടന്നുവരാന്‍ ഇടയാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. കഴിഞ്ഞ മൂന്നുമാസമായി ജില്ലേറ്റിന്റെ ഷേവിങ് ബ്ലേഡുകള് വിപണിയില്‍ കിട്ടാനില്ലെന്ന് ഇസ്ലാമാബാദിലെ എന്‍ജിനീയറായ ജാവേദ് ഇക്ബാല്‍ എന്നയാളും പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങളുടെ കടന്നുകയറ്റമാണ് നിലവില്‍ വിപണിയിലുള്ളതെന്നും ചിലര്‍ പറഞ്ഞു. ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ് ഷാംപൂ അടക്കമുള്ളവ ഇനി പാകിസ്താനിലേക്ക് ഇറക്കുമതി ചെയ്യേണ്ടിവരുമോ എന്നായിരുന്നു ഹിന സാഫി എന്ന പാക് യുവതിയുടെ ചോദ്യം.
1991-ലാണ് പി ആന്‍ഡ് ജി പാകിസ്താന് വിപണിയിലെത്തിയത്. ചുരുങ്ങിയകാലംകൊണ്ട് പി ആന്‍ഡ് ജിയുടെ വിവിധ ഉത്പന്നങ്ങള്‍ ജനപ്രിയമായി. കമ്പനി പാകിസ്താന് വിടുന്നതില്‍ പാക് സര്‍ക്കാരിനെതിരേയും പ്രതിഷേധമുയരുന്നുണ്ട്. വന്‍കിട കമ്പനികളുടെ ഇത്തരം പിന്മാറ്റം രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് ഭരണാധികാരികളെ ബോധ്യപ്പെടുത്തുമെന്നായിരുന്നു പി ആന്‍ഡ് ജി പാകിസ്താനിലെ മുന്‍ ഉദ്യോഗസ്ഥന് കൂടിയായ സാദ് അമാനുള്ള ഖാന്റെ പ്രതികരണം. രാജ്യത്തെ ഉയര്‍ന്ന വൈദ്യുതചെലവ്, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത, സാമ്പത്തിക വെല്ലുവിളികള്‍ തുടങ്ങിയവയാണ് കമ്പനികള്‍ പാകിസ്താന് വിടാന്‍ കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്താനിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെങ്കിലും കമ്പനിയുടെ വിവിധ ഉത്പന്നങ്ങള്‍ മൂന്നാംകക്ഷി വിതരണക്കാര്‍ വഴി രാജ്യത്ത് ലഭ്യമാക്കുമെന്നാണ് സൂചന.
Content Highlights: Procter & Gamble announces departure from Pakistan, ceasing production and commercial operations. This follows exits by other global firms, sparking concerns over foreign investment and product availability.