മ്യാൻമാറിനെ ഭീതിയിലാഴ്ത്തി തുടർപ്രകമ്പനങ്ങൾ; മരണം പതിനായിരം കവിയാന്‍ സാധ്യതയെന്ന് യു.എസ്.

നയ്പിഡോ/ബാങ്കോക്ക്: വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിനു പിന്നാലെ ഇന്ന് രാവിലെയും ഉച്ചയ്ക്കു ശേഷവും ഉണ്ടായ തുടർപ്രകമ്പനങ്ങൾ മ്യാൻമാർ തലസ്ഥാനത്തും സമീപപ്രദേശങ്ങളിലും ഭീതി പരത്തി. ഉച്ചയ്ക്ക് പ്രദേശികസമയം 2.50-ന് റിക്ടർ സ്‌കെയിലിൽ 5.1 രേഖപ്പെടുത്തിയ തുടർപ്രകമ്പനം രക്ഷാപ്രവർത്തനത്തെയും ബാധിച്ചു. രാവിലെ 11.53-ന് റിക്ടർ സ്‌കെയിലിൽ 4.3 രേഖപ്പെടുത്തിയ മറ്റൊരു തുടർപ്രകമ്പനവും ഉണ്ടായിരുന്നു. മ്യാൻമാറിൽ മാത്രം വെള്ളിയാഴ്ച്ച ഉണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്.
മരിച്ചവരുടെ എണ്ണം 1,002 ആയി ഉയര്‍ന്നതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്ക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്നാണ് മരണം. നൂറോളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ വലിയ തോതില്‍ ആള്‍നാശവും വ്യാപകമായ നാശനഷ്ടങ്ങളും ഉണ്ടായേക്കാമെന്നും മരണസംഖ്യ 10,000 കവിയാന്‍ സാധ്യതയുണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) മുന്നറിയിപ്പ് നല്‍കി. നേരത്തെ ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ അറിയിച്ചിരുന്നു.
ഇരുരാജ്യങ്ങളിലും രക്ഷാദൗത്യം തുടരുകയാണ്. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലസ്ഥാനമായ നയ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33 നില കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു.
Content Highlights: Over 1,000 Dead, 2,376 Injuredin Myanmar-Thailand Earthquake