ദൈവത്തിന് മാത്രമേ തന്നെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കാനാകുകയുള്ളുവെന്ന് അമറുള്ള സലേ

പാഞ്ച്ഷിര്‍: താലിബാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്ന് അഫ്ഗാനിസ്താന്‍ വൈസ് പ്രസിഡന്റ് അമറുളള സലേ. അന്ദറാബ് താഴ് വരയിലെ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമറുളളയുടെ ആരോപണം. അന്ദറാബില്‍ താലിബാനും പ്രതിരോധ സേനയും തമ്മില്‍ ഏറ്റുമുട്ടിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണിത്.
താലിബാന്‍ വിരുദ്ധ പോരാളി അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദിന്റെ നേതൃത്വത്തിലുള്ള പാഞ്ച്ഷിര്‍ താഴ്‌വരയിലെ പ്രാദേശിക പ്രതിരോധ സേനയില്‍ നിന്ന് താലിബാന്‍ കടുത്ത വെല്ലുവിളി നേരിടുന്നതായാണ് റിപ്പോര്‍ട്ട്.
'താലിബാന്‍ ഭക്ഷണവും ഇന്ധനവും അന്ദറാബ് താഴ്‌വരയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. സാഹചര്യം ഗുരുതരമാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പര്‍വതങ്ങളിലേക്ക് പലായനം ചെയ്തു. കഴിഞ്ഞ രണ്ട് ദിവസമായി താലിബുകള്‍ കുട്ടികളെയും പ്രായമായവരെയും തട്ടിക്കൊണ്ടുപോയി അവരെ പരിചയായി ഉപയോഗിച്ച് പരിസരത്ത് തിരച്ചില്‍ നടത്തുകയാണ് ' സലേ ട്വീറ്റ് ചെയ്തു.
ദൈവത്തിന് മാത്രമേ തന്നെ അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കാനാകുകയുള്ളുവെന്ന് അമറുള്ള സലേ ട്വീറ്റില്‍ പറയുന്നു. പക്ഷേ അപ്പോഴും തന്റെ ഭൗതികാവശിഷ്ടങ്ങള്‍ മണ്ണിനൊപ്പം അലിഞ്ഞുചേരും അദ്ദേഹം വ്യക്തമാക്കി.
താലിബാനെതിരായ പ്രതിരോധത്തിന്റെ അവസാനത്തെ പ്രധാന കേന്ദ്രമായ പാഞ്ച്ഷിര്‍ താഴ്‌വരയും വീഴുമെന്നാണ് വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. 'തല്‍ക്കാലം ഈ പ്രതിരോധം വെറും വാക്കാലുള്ളതാണ്, കാരണം താലിബാന്‍ ഇതുവരെ പാഞ്ച്ഷിറില്‍ പ്രവേശിക്കാന്‍ ശ്രമിച്ചിട്ടില്ല,' പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്നുള്ള അഫ്ഗാന്‍ സ്‌പെഷ്യലിസ്റ്റ് ഗില്ലെസ് ഡോറോണ്‍സോറോ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദശകങ്ങളായി പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരുകളുടെ കീഴിലുള്ള പ്രധാന പവര്‍ ബ്രോക്കറായ സലേയും അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദും താലിബാന്‍ അഫ്ഗാനില്‍ പിടിമുറുക്കിത്തുടങ്ങിയപ്പോള്‍ തന്നെ പാഞ്ച്ഷിറില്‍ അഭയം പ്രാപിച്ച് താലിബാനെതിരേ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.
Content Highlights: Only God will one day evacuate my soul from here says Amrulla Saleh
Content Highlights: