ചാര ഉപഗ്രഹം കടലില്‍ പതിച്ചു; ഉത്തര കൊറിയയുടെ ദൗത്യം പാളി

സോള്‍: ആദ്യ ചാര ഉപഗ്രഹം വിക്ഷേപിക്കാനുള്ള ഉത്തര കൊറിയയുടെ ശ്രമം പരാജയപ്പെട്ടു. യുഎസ്- ദക്ഷിണ കൊറിയ സൈനിക നീക്കങ്ങളെ നിരീക്ഷിക്കാന്‍ ഉത്തര കൊറിയ നിര്‍മ്മിച്ച ചാര ഉപഗ്രഹത്തിന്റെ വിക്ഷേപണമാണ് പരാജയമായത്.
ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 6.27-ഓടെയാണ് ചാര ഉപഗ്രഹം വിക്ഷേപിച്ചത്. എന്നാല്‍ കൊറിയന്‍ ഉപദ്വീപിനു സമീപം ഉപഗ്രഹം വഹിച്ച റോക്കറ്റ് കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. ദൗത്യം പരാജയപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്നും ഉത്തര കൊറിയ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് രാജ്യത്തിന്റെ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നതായി ഉത്തര കൊറിയ അറിയിച്ചത്.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ ആക്രണഭീഷണികളേയും പ്രതിരോധിക്കാനുള്ള യുദ്ധമാര്‍ഗങ്ങള്‍ ഉത്തരകൊറിയ സ്വീകരിച്ചു വരികയാണെന്നും അതിനാല്‍ യു.എസ് സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ചാര ഉപഗ്രഹം വിക്ഷേപണത്തിനൊരുങ്ങുന്നതായുമായിരുന്നു പ്രഖ്യാപനം.
ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു എന്ന സൂചന ലഭിച്ചതോടെ ജപ്പാന്‍ ടോക്യോ അതിര്‍ത്തിയില്‍ ബാലിസ്റ്റിക് മിസൈലുകളും വിന്യസിച്ചിരുന്നു.
Content Highlights: north koreas first spy satellite launch mission fails