ഗുർപത്വന്ത് സിങ് പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് നികിൽ ഗുപ്ത; കുറ്റം സമ്മതിച്ച് ജഡ്ജിക്ക് കത്തയച്ചു

വാഷിങ്ടൺ: ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ താൻ ഒറ്റയ്ക്കാണ് പദ്ധതിയിട്ടതെന്ന് ഗൂഢാലോചന കേസിൽ വിചാരണ നേരിടുന്ന നികിൽ ഗുപ്ത. യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജ് വിക്ടർ മരേറോക്ക് എഴുതിയ കത്തിലാണ് നികിൽ ഗുപ്ത ഇക്കാര്യം വ്യക്തമാക്കിയത്. നവംബർ 20-ന് ശിക്ഷ വിധിക്കാനിരിക്കെയാണ് പശ്ചാത്താപവും മാപ്പപേക്ഷയും രേഖപ്പെടുത്തിയുള്ള കത്ത് അദ്ദേഹം കോടതിക്ക് നൽകിയത്.
അറസ്റ്റിനു ശേഷമുണ്ടായ കടുത്ത മാനസിക പ്രയാസങ്ങളെക്കുറിച്ച് നികിൽ കത്തിൽ പറയുന്നുണ്ട്. 2023-ന്റെ തുടക്കത്തിൽ താൻ ഏത് അവസ്ഥയിലായിരുന്നുവെന്ന് തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. എനിക്ക് ഭ്രാന്ത് പിടിച്ചതുപോലെയായിരുന്നു. 2023-ലേക്ക് സമയം തിരിച്ചുവിളിക്കാനും എന്റെ തെറ്റുകൾ തിരുത്താനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.- അദ്ദേഹം കത്തിൽ കുറിച്ചു.
അമിതമായ മദ്യപാനവും വ്യക്തിപരമായ പ്രതിസന്ധികളുമാണ് തന്റെ തീരുമാനങ്ങളെയും ചിന്തകളെയും ബാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കസ്റ്റഡിയിലായ ആദ്യ നാളുകളിൽ തനിക്ക് കടുത്ത ആത്മഹത്യാ ചിന്തകൾ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭാര്യ, മക്കൾ, അമ്മ, മറ്റ് കുടുംബാംഗങ്ങൾ, രണ്ട് പൂച്ചകൾ എന്നിവർക്ക് താൻ വരുത്തിവെച്ച കടുത്ത വേദനയെക്കുറിച്ചുള്ള ആശങ്കകൾ നിരന്തരം അലട്ടിയിരുന്നുവെന്നും കത്തിൽ പറയുന്നു.
‘ആ സമയത്ത് എന്റെ മുന്നിലുണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി കുടുംബവുമായി ബന്ധപ്പെടുക എന്നതായിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് അവരെ അറിയിക്കാനും അന്നത്തെ സാഹചര്യം ബോധ്യപ്പെടുത്താനും ഞാൻ ആഗ്രഹിച്ചെങ്കിലും, ഒരു അമേരിക്കൻ നിയമലംഘകൻ എന്ന നിലയിൽ നേരിടേണ്ടി വന്ന നിരവധി നിയന്ത്രണങ്ങൾ കാരണം ആഴ്ചകളോളം അതിന് കഴിഞ്ഞില്ല.’- എന്ന് അദ്ദേഹം എഴുതി.
നവംബർ 20-ന് ശിക്ഷാവിധി പ്രഖ്യാപനത്തിന് മുന്നോടിയായി സുപ്രധാന നിയമ നടപടികളാണ് നടക്കുന്നത്. കോടതി എന്തെല്ലാം തീരുമാനങ്ങൾ എടുത്താലും അത് പൂർണ്ണമായി സ്വീകരിക്കുമെന്നും അംഗീകരിക്കുമെന്നും വ്യക്തമാക്കിക്കൊണ്ടാണ് നികിൽ ഗുപ്ത തന്റെ കത്ത് അവസാനിപ്പിച്ചിരിക്കുന്നത്.
Content Highlights: Nikhil Gupta, facing trial in the US for plotting to assassinate Gurpatwant Singh Pannun, has confessed in a letter to the judge that he acted alone and expressed remorse ahead of his sentencing.