'പ്രതിഷേധം സമാധാനപരമായിരുന്നു, എല്ലാം തുടങ്ങിയത് പോലീസ്, ഒരാളുടെ തലയ്ക്കാണ് വെടിവെച്ചത്'

Photo: AFP
Photo: AFP

കാഠ്മണ്ഡു: തങ്ങളുടെ പ്രതിഷേധം സമാധാനപരമായിരുന്നുവെന്നും പോലീസാണ് അതിക്രമം തുടങ്ങിയതെന്നും ആരോപിച്ച് നേപ്പാളിലെ പ്രതിഷേധക്കാര്‍. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നേപ്പാളില്‍ യുവാക്കളുടെ പ്രതിഷേധം. പാര്‍ലമെന്റിലേക്കു നടന്ന പ്രതിഷേധ മാര്‍ച്ചിനു നേരേ പോലീസ് നടത്തിയ വെടിവയ്പില്‍ ഇതുവരെ 16 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലേറെപ്പേര്‍ക്കു പരിക്കുണ്ട്. പരുക്കേറ്റവരില്‍ പത്തോളം പേരുടെ നില ഗുരുതരമാണെന്ന് ന്യൂ ബനേശ്വറിലെ ആശുപത്രി അധികൃതരെ ഉദ്ധരിച്ച് നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാധാനപരമായ പ്രതിഷേധം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പ്രതിഷേധക്കാരെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധം മുന്നോട്ടുപോകുമ്പോള്‍ പോലീസാണ് അക്രമം നടത്തിയതെന്ന് ഇവര്‍ ആരോപിക്കുന്നു. ''സമാധാനപരമായ ഒരു പ്രതിഷേധം നടത്താന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നു, പക്ഷേ ഞങ്ങള്‍ കൂടുതല്‍ മുന്നോട്ട് പോകുമ്പോള്‍, പോലീസിന്റെ അക്രമമാണ് കാണാന്‍ സാധിച്ചത്. പോലീസ് ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയാണ്, ഇത് സമാധാനപരമായ പ്രതിഷേധത്തിന്റെ സത്തയ്ക്ക് വിരുദ്ധമാണ്. അധികാരത്തിലിരിക്കുന്നവര്‍ക്ക് അവരുടെ അധികാരം ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല,'' - പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.

റോഡില്‍ നില്‍ക്കുകയായിരുന്ന തന്റെ സുഹൃത്തിന്റെ തലയ്ക്കാണ് പോലീസ് വെടിവെച്ചതെന്ന് പ്രതിഷേധക്കാരില്‍ ഒരാള്‍ വെളിപ്പെടുത്തി. അവന്‍ റോഡില്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് പോലീസ് അവന്റെ തലയില്‍ വെടിവെച്ചത്. പോലീസിന്റെ ബുള്ളറ്റുകളിലൊന്ന് തന്റെ അടുത്തു നില്‍ക്കുകയായിരുന്ന സുഹൃത്തിന്റെ കൈയിലാണ് തറച്ചുകയറിയതെന്ന് മറ്റൊരാള്‍ പറഞ്ഞു. പോലീസ് മനപ്പൂര്‍വം മുട്ടിനു മുകളില്‍ വെടിവെയ്ക്കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.

പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പാര്‍ലമെന്റിനു പുറത്തെ നിയന്ത്രിത മേഖലയിലേക്കു കടക്കുംമുന്‍പ് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാകുകയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള പോലീസ് നടപടിയ്ക്കുപിന്നാലെ കാഠ്മണ്ഡുവില്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Content Highlights: 16 killed, 100+ injured as Nepal police fire on protesters demanding end to corruption