പാർലമെന്റിലും കറുത്ത കണ്ണട മാറ്റില്ല; നേപ്പാൾ പ്രധാനമന്ത്രി ട്രേഡ് മാർക്ക് തുടരും; ഫോട്ടോയിലും കണ്ണട

കാഠ്മണ്ഡു: നേപ്പാൾ പാർലമെന്റിനുള്ളിൽ കൂളിങ് ഗ്ലാസ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ സ്പീക്കറുടെ ഉത്തരവിന് പിന്നാലെ, ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ റിപ്പോർട്ട് സമർപ്പിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ. ഇതോടെ പാർലമെന്റ് സഭയ്ക്കുള്ളിലും തന്റെ ട്രേഡ്മാർക്കായ കറുത്ത കണ്ണട ധരിച്ചുകൊണ്ട് തന്നെ പങ്കെടുക്കാൻ പ്രധാനമന്ത്രിക്ക് അനുമതി ലഭിച്ചു. ചൊവ്വാഴ്ചയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് നേപ്പാൾ ഫെഡറൽ പാർലമെന്റ് സെക്രട്ടറിയേറ്റിന് കൈമാറിയത്.
സഭയ്ക്കുള്ളിൽ ജനപ്രതിനിധികൾ കറുത്ത കണ്ണട ധരിക്കുന്നത് അനാദരവാണെന്ന് ചൂണ്ടിക്കാട്ടി മുൻപ് വ്യാപക വിമർശനമുയർന്നിരുന്നു. തുടർന്ന്, ഓഗസ്റ്റ് ആദ്യവാരത്തിൽ സ്പീക്കർ ഡോൾ പ്രസാദ് ആര്യൻ പാർലമെന്റിൽ അംഗങ്ങൾ കൂളിങ് ഗ്ലാസ് ധരിക്കുന്നത് നിരോധിക്കുകയും, വൈദ്യശാസ്ത്രപരമായ അടിയന്തര ആവശ്യങ്ങളുണ്ടെങ്കിൽ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് വ്യക്തമാക്കിയിരുന്നു.
ഈ നിർദേശത്തെ തുടർന്നാണ് പ്രധാനമന്ത്രി ബലേൻ ഷാ ചൗനിയിലെ ബിരേന്ദ്ര മിലിട്ടറി ആശുപത്രിയിൽ കണ്ണ് പരിശോധനയ്ക്ക് വിധേയനായതും മെഡിക്കൽ റിപ്പോർട്ട് സഭയിൽ സമർപ്പിച്ചതും.
കണ്ണിന്റെ സംരക്ഷണത്തിനായി ഇരുണ്ട സൺഗ്ലാസുകൾ ധരിക്കാനും ഐഡ്രോപ്പുകൾ ഉപയോഗിക്കാനും സൈനിക ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. സചിത് ധകൽ റിപ്പോർട്ടിൽ നിർദേശിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുൻ റാപ്പറും കാഠ്മണ്ഡു മേയറുമായിരുന്ന 36-കാരനായ ബലേൻ ഷാ, തന്റെ സ്റ്റൈലിഷ് ആയ കറുത്ത കണ്ണടയിലൂടെയാണ് നേപ്പാളിലെ ചെറുപ്പക്കാർക്കിടയിൽ ജനപ്രീതി നേടിയത്. കാമ്പയിനുകളിലും ഔദ്യോഗിക പരിപാടികളിലും ഓഫീസ് ചിത്രങ്ങളിൽ പോലും അദ്ദേഹം ഈ കണ്ണട ധരിക്കാറുണ്ട്.
ബുധനാഴ്ച പാർലമെന്റിൽ നടക്കുന്ന ചോദ്യോത്തര വേളയിൽ എം.പിമാരുടെ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകാനിരിക്കെയാണ്, സഭയ്ക്കുള്ളിൽ വിഐപി ഇളവുകളോടെ കറുത്ത കണ്ണട ധരിച്ച് പങ്കെടുക്കാനുള്ള മെഡിക്കൽ അനുമതി അദ്ദേഹം നേടിയെടുത്തത്.
Content Highlights: Nepal Prime Minister Balen Shah submitted a medical report to wear sunglasses inside the parliament., The Speaker had earlier banned cooling glasses in the parliament unless backed by a medical certificate., Military hospital eye specialist recommended dark sunglasses for eye protection., Balen Shah is widely known among youth for his trademark black sunglasses.