ആ വീട് എങ്ങനെ അതിജീവിച്ചു? തുണച്ചത് കോൺക്രീറ്റ് മാത്രമോ, AI വിശദീകരണ വീഡിയോ കണ്ടത്‌ 36 ലക്ഷം പേർ

#ന്യൂസ് ഡെസ്ക്
പ്രളയം അതിജീവിച്ച നേപ്പാളിലെ വീട്
പ്രളയം അതിജീവിച്ച നേപ്പാളിലെ വീട്

കാഠ്മണ്ഡു: നാലുഭാഗത്തും ആർത്തലച്ചെത്തുന്ന പ്രളയജലം. സമീപത്തെ വീടുകളും വഴിയും കെട്ടിടങ്ങളുമെല്ലാം വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അതിനിടയിൽ ഒരു കെട്ടിടവും അതിന്റെ രണ്ടാംനിലയിൽ കുഞ്ഞുകുടുംബവും സഹായത്തിനായി നിലവിളിക്കുന്ന വീഡിയോ ദൃശ്യം ഏവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു. മഹാപ്രവാഹത്തിൽനിന്ന് കുടുംബം അതിജീവിച്ചതിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാകൂ! രണ്ടാംനിലവരെ വെള്ളവും കല്ലുംചെളിയും കുത്തിയൊലിച്ച് എത്തിയപ്പോഴും നിലംപൊത്താതെനിന്ന ആ വീടും അതിനകത്തെ ജീവനുകളും നേപ്പാൾ പ്രളയത്തിലെ അവിസ്മരണീയ ചിത്രമായി മാറി. 

സമീപത്തെ കെട്ടിടങ്ങളെല്ലാം തകർന്നടിഞ്ഞിട്ടും ഈ കെട്ടിടം മാത്രം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇതിനുപുറകിൽ ‘സ്മാർട്ട് എഞ്ചിനീയറി’ങ്ങും അതിനൊപ്പം അനുകൂലമായ മറ്റ് ചില ഘടകങ്ങളും ഉണ്ടായതാണ് തുണച്ചതെന്ന വാദവും ചിലർ പങ്കുവച്ചു. ഇത് വിശദീകരിക്കുന്ന ഒരു എ.ഐ വീഡിയോ ആർക്കിടെക്ച്ചർ പ്രസന്റേഷൻ എന്ന എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് കണ്ടത് ഇതുവരെ 36 ലക്ഷം പേരാണ്.

നേപ്പാളിലെ മലയോര താഴ്‌വരകളിലെ മിക്ക വീടുകളും പൊതുവേ കോൺക്രീറ്റ് ഫ്രയിം ഇല്ലാതെ കല്ലും മണ്ണും ഉപയോഗിച്ചുള്ള സാധാരണ 'സ്റ്റോൺ മേസൺറി' രീതിയിലാണ് നിർമിക്കാറുള്ളത്. ഇവയ്ക്ക് മുകളിൽനിന്നുള്ള ഭാരം താങ്ങാൻ കഴിയുമെങ്കിലും പ്രളയജലവും വലിയ പാറക്കല്ലുകളും പ്രയോഗിക്കുന്ന അതിശക്തമായ വശങ്ങളിൽനിന്നുള്ള മർദം (lateral forces) താങ്ങാൻ കഴിയില്ല. എന്നാൽ പ്രളയത്തെ അതിജീവിച്ച ഈ കെട്ടിടം കോൺക്രീറ്റ് തൂണുകളും ബീമുകളും അടിത്തറയും സ്റ്റീൽ കമ്പികൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ച കോൺക്രീറ്റ് ഫ്രെയിമിലാണ് പണിതിരുന്നത്. പ്രളയവും ചെളിപ്രവാഹവും വന്നിടിച്ചപ്പോൾ ഈ കോൺക്രീറ്റ് ഫ്രെയിം ആ ആഘാതത്തെ ആഗിരണം ചെയ്യുകയും ആ ശക്തിയെ താഴേക്ക് ഭൂമിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ഇത് കെട്ടിടം തകരാതെ നിലനിൽക്കാൻ സഹായിച്ചുവെന്നാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്.

കെട്ടിടത്തിന്റെ ഘടനയ്ക്ക് പുറമെ വീടിന്റെ സ്ഥാനവും അനുകൂലമായിരുന്നു. മലവെള്ളപ്പാച്ചിലിന്റെ പ്രധാന ചാനലിൽനിന്ന് അല്പം മാറിയുള്ള ഉയർന്ന പ്രദേശത്തായിരുന്നു ഈ വീട് സ്ഥിതി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ ഇടുങ്ങിയ രൂപഘടന കാരണം വെള്ളം ഇരുവശങ്ങളിലേക്കും വിഭജിച്ച് ഒഴുകിപ്പോയി. കൂടാതെ, താഴത്തെനിലയിലെ ജനലുകളും വാതിലുകളും തകർന്ന് വെള്ളം അതിലൂടെ സുഗമമായി ഒഴുകിപ്പോയതിനാൽ വെള്ളം ചുവരുകളിൽ കെട്ടിനിന്ന് മർദം സൃഷ്ടിക്കുന്നത് കുറയുകയും ചെയ്തെന്നാണ് വീഡിയോയിൽ നൽകുന്ന വിശദീകരണം. 

Content Highlights: A family home in Nepal survived a massive flood thanks to smart engineering., Continuous steel rebar and concrete frames distributed lateral water pressure., Narrow structure design and breakaway ground-floor doors reduced water pressure., The building was positioned slightly away from the main debris path, avoiding direct heavy impacts.