നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ ഭീതി വിതച്ച് പ്രകമ്പനം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: X
പ്രതീകാത്മക ചിത്രം | Photo: X

കാഠ്മണ്ഡു: നേപ്പാളിലെ കോശി പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. സിക്കിമിലെ യുക്സോമിൽ നിന്ന് 61 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറായി 27.855 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 87.909 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയും അറിയിച്ചു.

ചൊവ്വാഴ്ച പുലർച്ചെയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. രാവിലെ 7 മണിയോടെ അനുഭവപ്പെട്ട ശക്തമായ പ്രകമ്പനത്തെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തേക്കോടി. നേപ്പാളിന് പുറമേ ഇന്ത്യ, ഭൂട്ടാൻ, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. ഉത്തർബംഗാളിലെ ഡാർജിലിങ്, ജൽപായ്ഗുരി, കുച്ച് ബിഹാർ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു.

ഇതിനുപുറമെ, ചൊവ്വാഴ്ച പുലർച്ചെ 3:39-ഓടെ അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ 2.5 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഓഫ് സീസ്മോളജിയുടെ വിവരമനുസരിച്ച് ഭൂമിക്കടിയിൽ 15 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. ഈ രണ്ടു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. എങ്കിലും പ്രകമ്പനം ബാധിച്ച മേഖലകളിൽ എന്തെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.