വൈറല്‍ സെല്‍ഫിയിലൂടെ പ്രശസ്തയായി; കെയര്‍ ടേക്കറുടെ മടിയില്‍കിടന്ന് ഡകാസി വിടവാങ്ങി

കിന്‍ഹാസ: ഫോറസ്റ്റ് റേഞ്ചറുടെ സെല്‍ഫിയില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടതിലൂടെ പ്രശസ്തയായ ഡകാസി എന്ന ഗൊറില്ല ഇനിയില്ല. മൗണ്‍ടെയ്ന്‍ ഗൊറില്ല വിഭാഗത്തില്‍പ്പെട്ട ഡകാസി, ദീര്‍ഘകാലമായി അസുഖബാധിതയായിരുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വിരുംഗ നാഷണല്‍ പാര്‍ക്കിലായിരുന്നു 14 കാരിയായ ഡകാസി കഴിഞ്ഞിരുന്നത്. ഡകാസിയുടെ കെയര്‍ ടേക്കറും ആത്മസുഹൃത്തുമായിരുന്ന ആന്‍ഡ്രെ ബോമയുടെ കൈകളില്‍ കിടന്ന് സെപ്റ്റംബര്‍ 26-നായിരുന്നു ഡകാസിയുടെ മരണം.
2007-ല്‍ വെറും രണ്ടുമാസം പ്രായമുള്ളപ്പോഴാണ് ഡകാസിയെ ബോമ ആദ്യമായി കാണുന്നത്. തന്റെ അമ്മയുടെ മൃതശരീരത്തെ കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു ആ ഗൊറില്ലക്കുഞ്ഞ്. അതിന്റെ മാതാപിതാക്കള്‍ വേട്ടക്കാരാല്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഗൊറില്ലക്കുഞ്ഞിനെ കാട്ടിലേക്ക് വിട്ടാല്‍ അത് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന് വനപാലകര്‍ മനസ്സിലാക്കി. തുടര്‍ന്ന് അതിനെ മൗണ്‍ടെയ്ന്‍ ഗൊറില്ല സെന്ററിലേക്ക് കൊണ്ടുവരികയായിരുന്നു. പിന്നീട് ബോമ ആയിരുന്നു ഡകാസിയെ പരിപാലിച്ചിരുന്നത്.
2019-ലാണ് ഡകാസിയെ ലോകപ്രശസ്തിയിലേക്ക് ഉയർത്തിയ ആ സെല്‍ഫി സംഭവിക്കുന്നത്. പാര്‍ക്കിലെ റേഞ്ചര്‍മാരില്‍ ഒരാളായ മാതിയു ഷമാവുവിന്റെ സെല്‍ഫിയിലാണ് ഡകാസിയും മറ്റൊരു ഗൊറില്ലയും ഇടംപിടിച്ചത്. സെല്‍ഫിയില്‍ മറ്റൊരു ഒരു റേഞ്ചറെയും കാണാം. കൃത്യമായി പോസ് ചെയ്തു നില്‍ക്കുന്ന രണ്ടു ഗൊറില്ലകളും രണ്ടു റേഞ്ചര്‍മാരും! സെല്‍ഫിയില്‍ ഇടതുഭാഗത്താണ് ഡകാസി നില്‍ക്കുന്നത്. വിരുംഗ നാഷണല്‍ പാര്‍ക്ക് ഈ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചതിനു പിന്നാലെ അത് വൈറല്‍ ആവുകയായിരുന്നു.
വിരുംഗ നാഷണല്‍ പാര്‍ക്കില്‍ കഴിയുന്നതിനിടെ നിരവധി പരിപാടികളിലും സിനിമകളിലും ഡകാസി പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്രമേല്‍ സ്‌നേഹം നിറഞ്ഞൊരു ജീവിയെ സംരക്ഷിക്കാന്‍ സാധിച്ചത് സവിശേഷമായി ലഭിച്ച അവകാശമായി തോന്നുന്നു, പ്രത്യേകിച്ചും തീരെ ചെറുപ്രായത്തില്‍ ഡകാസി കടന്നുപോയ മാനസികാഘാതത്തെ കുറിച്ചറിയുമ്പോള്‍- ഡകാസിയുടെ മരണശേഷം പുറത്തിറക്കിയ പ്രസ്താവനയില്‍ ബോമ പറഞ്ഞു.
content highlights: ndakasi- viral gorilla dies
Content Highlights: