'സമാധാനം പുനഃസ്ഥാപിക്കുന്നതിന് പൂര്‍ണ പിന്തുണ'; പലസ്തീന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി മോദി

മഹ്‌മൂദ് അബ്ബാസിനൊപ്പം നരേന്ദ്രമോദി | Photo:X:@narendramodi
മഹ്‌മൂദ് അബ്ബാസിനൊപ്പം നരേന്ദ്രമോദി | Photo:X:@narendramodi

ന്യൂയോർക്ക്: പശ്ചിമേഷ്യ യുദ്ധഭീതിയിൽ തുടരുന്ന സാഹചര്യത്തിൽ പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗാസയിലെ സാഹചര്യത്തിൽ പ്രധാനമന്ത്രി തന്റെ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 

ഞായറാഴ്ച ന്യൂയോർക്കിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 'പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഇന്ത്യയുടെ പിന്തുണ ഉറപ്പുനൽകി. പലസ്തീനിയൻ ജനതയുമായുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവെച്ചു', മോദി എക്സിൽ കുറിച്ചു. 

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് യു.എസ്സിൽ എത്തിയതായിരുന്നു പ്രധാനമന്ത്രി. നേരത്തെ, ആഗോളവളർച്ചയ്ക്കും വികസനത്തിനും സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും പ്രതിജ്ഞാബദ്ധതയും ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. സംഘർഷങ്ങളും വിഭാഗീയതയും ലഘൂകരിക്കണമെന്ന സന്ദേശവും മോദി നൽകിയതായും വിദേശകാര്യസെക്രട്ടറി വിക്രം മിസ്രി പ്രത്യേക വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ്. എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്. ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് എന്നതിന്റെ ചുരുക്കമാണത്. ഉച്ചകോടിക്കിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ, യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ചനടത്തി. 2025-ൽ ഇന്ത്യയിലാണ് ക്വാഡ് ഉച്ചകോടി.

Content Highlights: Narendra Modi in US, PM meets Palestinian President