ആസ്‌മ കടുത്തു, ഡ്രൈവറുടെ ബോധംപോയി: സ്കൂൾബസ് നിയന്ത്രിച്ച് വിദ്യാർഥികൾ, ഒഴിവായത് വൻ ദുരന്തം

മിസിസിപ്പി: സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ ബോധരഹിതയായെങ്കിലും മനസ്സാന്നിധ്യം കൈവിടാതെ ബസ് നിയന്ത്രിച്ച് വൻ അപകടം ഒഴിവാക്കി ഒരുകൂട്ടം വിദ്യാർഥികൾ. മിസിസിപ്പിയിലെ ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂളിലെ വിദ്യാർഥികളാണ് വിലപ്പെട്ട ജീവനുകൾക്ക് കാവലാളുകളായത്.
ബുധനാഴ്ച വൈകീട്ട് സ്കൂളിൽനിന്ന് 40-ഓളം കുട്ടികളുമായി പോവുകയായിരുന്നു ഡ്രൈവർ ലിയ ടെയ്‌ലർ (46). പെട്ടെന്ന് ആസ്‌മ കടുത്തു. മരുന്നെടുക്കും മുൻപേ ടെയ്‌ലറുടെ ബോധംമറഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡിൽനിന്ന് തെന്നിമാറാൻ തുടങ്ങി. ഡ്രൈവറുടെ തൊട്ടുപിന്നിലിരുന്ന പന്ത്രണ്ടുകാരൻ ജാക്സൺ കസൻവെ ഇതു ശ്രദ്ധിച്ചു. ജാക്സൺ ഉടൻ സ്റ്റിയറിങ് പിടിച്ചുനിയന്ത്രിച്ചു. സഹായത്തിനു കൂട്ടുകാരെയും വിളിച്ചു. വിളികേട്ടെത്തിയ പന്ത്രണ്ടുകാരൻ ഡാരിയസ് ക്ലാർക്ക് ബ്രേക്ക് ചവിട്ടി. ഇരുവരും ചേർന്ന് ബസ് സുരക്ഷിതമായി നിർത്തി.
ക്ലാർക്കിന്റെ 13-കാരി സഹോദരി കെയ്‌ലീ അടിയന്തരസുരക്ഷാ നമ്പറിൽവിളിച്ച് സഹായം തേടി. മറ്റുരണ്ടു വിദ്യാർഥികൾ ഡ്രൈവർക്ക് പ്രഥമശുശ്രൂഷ നൽകി. ഇതിനിടെ ഡ്രൈവർക്കുവന്ന ഫോണെടുത്ത് സ്ഥിതിഗതികൾ അറിയിച്ചു. കുട്ടികളുടെ ധീരകൃത്യത്തെ ആദരിക്കാൻ അവർക്ക് അടുത്തയാഴ്ച വിരുന്നുനൽകാൻ ഒരുങ്ങുകയാണ് സ്കൂൾ അധികൃതർ.
Content Highlights: Driver Leah Taylor lost consciousness due to an asthma attack while driving 40 students., 12-year-old Jackson Cassenave steered the bus to safety., 12-year-old Darius Clark applied the brakes to stop the vehicle., Kaylee Clark coordinated emergency services, while others provided first aid., School officials are planning an honor ceremony for the students.