കാണാതായ കുട്ടിയെ ഏഴ് വർഷത്തിനുശേഷം കണ്ടെത്തി; തട്ടിക്കൊണ്ടുപോയത് അമ്മ, രണ്ടാനച്ഛനെതിരേയും കേസ്

കൊളറാഡോ: ഏഴ് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ മാതാവിനും രണ്ടാം ഭർത്താവിനുമൊപ്പം കണ്ടെത്തി പോലീസ്. ഇരുവർക്കുമെതിരേ പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം.
ഇപ്പോള്‍ 14 വയസ്സുള്ള അബ്ദുള്‍ അസീസ് ഖാനെ 2017 നവംബര്‍ 27-നാണ് ജോര്‍ജിയയിലെ അറ്റലാന്റയില്‍നിന്ന് കാണാതായത്. വിവാഹമോചനം നേടി കോടതി നിര്‍ദേശപ്രകാരം പിതാവ് അസീസ് ഖാന്റെ കൂടെ പോകാന്‍നിന്ന കുട്ടിയെയാണ് കാണാതായത്. പിന്നീട് നടന്ന അന്വേഷണത്തിലൊന്നും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. നെറ്റ്ഫ്‌ളിക്‌സിലെ 'അണ്‍സോള്‍വ്ഡ് മിസ്റ്ററീസ്' എന്ന ഡോക്യുമെന്ററി സീരീസില്‍ ഈ കേസ് അടുത്തിടെ അവതരിപ്പിച്ചിരുന്നു.
കഴിഞ്ഞമാസം മറ്റൊരു കേസിലെ പോലീസ് അന്വേഷണത്തിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. കൊളറാഡോയിലെ ഹൈലാന്റ്‌സ് റാഞ്ചിലെ ഒരുവീട്ടില്‍ ഫെബ്രുവരി 23-ന് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ കേസിന്റെ ചുരുളഴിഞ്ഞത്. വില്‍പനയ്ക്കായി വെച്ച വീട്ടില്‍ ആരോ അതിക്രമിച്ച് കടന്നത് സെക്യൂരിറ്റി ക്യാമറയില്‍ കണ്ട വീട്ടുടമ പോലീസിനെ വിവരമറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ വീടിനകത്ത് രണ്ടുപേരെയും പുറത്ത് വാഹനത്തില്‍ കാത്തിരിക്കുന്ന രണ്ട് കുട്ടികളേയും കണ്ടെത്തി.
റാബിയ ഖാലിദ്, ഭര്‍ത്താവ് എലിയറ്റ് ബ്ലേക്ക് ബൂര്‍ജ്വ എന്നിവരെയാണ് വീടിനുള്ളില്‍ പോലീസ് കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഇരുവരുടേയും മൊഴികളിലെ പൊരുത്തക്കേടുകള്‍ പോലീസിന് സംശയമുണ്ടാക്കി. തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് കാറിലിരിക്കുന്ന കുട്ടികളിലൊരാള്‍ ഏഴ് വര്‍ഷം മുമ്പ് കാണാതായ അസീസ് ഖാലിദാണെന്ന് തിരിച്ചറിഞ്ഞത്.
കുട്ടിയെ മാതാവ് റാബിയ ഖാലിദ് തട്ടിക്കൊണ്ടുപോവുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍, വ്യാജരേഖ ചമയ്ക്കല്‍, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, അതിക്രമിച്ചു കടക്കല്‍ എന്നിവയുടെ പേരില്‍ റാബിയ ഖാലിദിനും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു. അസീസും പോലീസ് കണ്ടെത്തിയ രണ്ടാമത്തെ കുട്ടിയും പോലീസ് സംരക്ഷണയിലാണ്. അടുത്ത നടപടികള്‍ കോടതി തീരുമാനിക്കും.
വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ തിരിച്ചുകിട്ടിയതിന്റെ സന്തോഷം അസീസിന്റെ പിതാവിന്‍റെ കുടുംബം പങ്കുവെച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി തങ്ങളെ പിന്തുണച്ച എല്ലാവരോടും അവര്‍ നന്ദി പറഞ്ഞു.
Content Highlights: Missing Child Found After 7 Years: Mother Arrested