ഗൊറില്ല മകോകൂവിന് നിരന്തര മൂക്കൊലിപ്പ്; സിടി സ്‌കാനിങ്ങിന്‌ വിധേയനാക്കി

ഗൊറില്ല മകോകൂവിനെ സി.ടി. സ്‌കാന്‍ യന്ത്രത്തിലേക്കു കയറ്റുകയാണ് പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. Photo: AFP
ഗൊറില്ല മകോകൂവിനെ സി.ടി. സ്‌കാന്‍ യന്ത്രത്തിലേക്കു കയറ്റുകയാണ് പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍. Photo: AFP

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗ് മൃഗശാലാ അന്തേവാസിയായ മുപ്പത്തഞ്ചുവയസ്സുള്ള ഗൊറില്ല മകോകൂവിന് നിരന്തരമായ മൂക്കൊലിപ്പായിരുന്നു. ഇതേതുടര്‍ന്ന് രോഗനിര്‍ണയത്തിനായി മകോകൂവിനെ സിടി സ്‌കാനിങ്ങിന്‌ വിധേയനാക്കി. 

മാകോകൂവിന് മേയ് മുതല്‍ നിരന്തരം മൂക്കൊലിപ്പായിരുന്നു. ഇതേത്തുടര്‍ന്നാണ് വിശദമായി പരിശോധിക്കാന്‍ മൃഗശാല അധികൃതര്‍ തീരുമാനിച്ചത്. 210 കിലോ ഭാരമുള്ള ഈ ആള്‍ക്കുരങ്ങിനെ ഹെലിക്കോപ്റ്ററിലാണ് 64 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. ഇത്രയും ഭാരം താങ്ങാന്‍ ശേഷിയുള്ള സ്‌കാനര്‍ ഈ ആശുപത്രിയിലേ ഉണ്ടായിരുന്നുള്ളൂ.

പ്രിട്ടോറിയയിലെ ഓണ്‍ഡെര്‍സ്റ്റെപൂര്‍ട്ട് വെറ്ററിനറി അക്കാദമിക് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മകോകൂവിനെ സി.ടി. സ്‌കാന്‍ ചെയ്തത്. മുക്കിലെ ദശവളര്‍ച്ചയാണ് രോഗകാരണമെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തി. സ്‌കാനിങ്ങിന് ശേഷം മയങ്ങിയ മാകോകൂനെ സ്‌ട്രെച്ചറില്‍ നിന്ന് ഉയര്‍ത്താന്‍ അഞ്ചിലധികം ആളുകള്‍ വേണ്ടിവന്നു.

മാകോകൂവിന്റെ രോഗം നിര്‍ണ്ണയിക്കാന്‍ വിദഗ്ദ്ധ സംഘം രൂപീകരിച്ചിട്ടുണ്ട്. ശാരീരിക പരിശോധന, വിപുലമായ രക്ത പരിശോധന, റേഡിയോഗ്രാഫി, ഇലക്ട്രോകാര്‍ഡിയോഗ്രാം, കാര്‍ഡിയാക് അള്‍ട്രാസൗണ്ട്, നേത്രപരിശോധന, ഡെന്റല്‍ പരിശോധന, റിനോസ്‌കോപ്പി, രക്തസമ്മര്‍ദ്ദ വിശകലനം തുടങ്ങി ആരോഗ്യ പരിശോധനകളും നടത്തി.

Content Highlights: Makokou the gorilla into CT scanner after 35-year-old developed polyps in his nose

Content Highlights: