ലണ്ടനിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ കൊല്ലപ്പെട്ടു, നൂറോളം പേർക്ക് പരിക്ക്

#ന്യൂസ് ഡെസ്ക്
ബെഡ്‌ഫോർഡിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ | Photo: AP
ബെഡ്‌ഫോർഡിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന ഉദ്യോഗസ്ഥർ | Photo: AP

ലണ്ടൻ: ബെഡ്‌ഫോർഡിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഒരു മരണം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ട്രെയിനുകളിൽ ഒന്നിന്റെ ഡ്രൈവർ ആണ് മരിച്ചതെന്ന് നാഷണൽ യൂണിയൻ ഓഫ് റെയിൽ, മാരിടൈം ആൻഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് സ്ഥിരീകരിച്ചു. അപകടത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു.

കോർബിയിൽനിന്നും നോട്ടാമിങിൽനിന്നും ലണ്ടൻ സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്ക് പോയ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടതെന്ന് ഈസ്റ്റ് മിഡ്ലാൻഡ്സ് റെയിൽവേ അറിയിച്ചു. ഈസ്റ്റ് ഓഫ് ഇംഗ്ലണ്ട് ആംബുലൻസ് സർവീസിന്റെ റിപ്പോർട്ട് പ്രകാരം 11 പേർക്ക് അതിഗുരുതര പരിക്കുണ്ട്. 22 പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു. 56 പേർക്ക് നിസാര പരിക്കുകളുമുണ്ട്. അപകടത്തെത്തുടർന്ന് സെന്റ് പാൻക്രാസ് സ്റ്റേഷനിലേക്കും തിരിച്ചുമുള്ള എല്ലാ ട്രെയിനുകളും വെള്ളിയാഴ്ചത്തേക്ക് റദ്ദാക്കി.

അപകടസമയത്ത് പിന്നിലെ ട്രെയിനിലുണ്ടായിരുന്ന പീറ്റർ നാപ്പ് എന്ന യാത്രക്കാരൻ ഭീതിയോടെയാണ് ആ നിമിഷങ്ങളെ വിവരിച്ചത്. അപ്രതീക്ഷിതമായ ആഘാതത്തിൽ താൻ മുന്നിലെ സീറ്റിലേക്ക് തെറിച്ചുവീണതായും പിന്നാലെ പുകയും യാത്രക്കാരുടെ നിലവിളികളും കണ്ടതായും അദ്ദേഹം പറഞ്ഞു. സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലുള്ളവരെയും കൈകാലുകൾ ഒടിഞ്ഞവരെയും താൻ കണ്ടുവെന്ന് അദ്ദേഹത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റെയിൽവേ ട്രാക്കിന് സമാന്തരമായുള്ള റോഡിൽ പരിക്കേറ്റ നിരവധി ആളുകൾ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അപകടത്തെ തുടർന്ന് വെള്ളിയാഴ്ചത്തെ സർവീസുകൾ നിർത്തിവെച്ചതായും ശനിയാഴ്ചത്തെ സർവീസുകളുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച ആർഎംടി യൂണിയൻ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യക്തമാക്കി.

Content Highlights: A tragic train collision near Bedford, London, has left a driver dead and over 80 injured.