ബെയ്‌റുത്ത് സ്ഫോടനം ആക്രമണമെന്ന് സംശയിക്കുന്നുവെന്ന് ട്രംപ്; അല്ലെന്ന് ലബനന്‍
വാഷിങ്ടണ്‍: ലബനീസ് തലസ്ഥാനമായ ബെയ്‌റുത്തിനെ നടുക്കിയ ശക്തമായ സ്‌ഫോടനങ്ങൾ ഒരു ആക്രമണമാണെന്ന് സംശയിക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
സ്ഫോടനം ഏതെങ്കിലും തരത്തിലുള്ള ബോംബ് മൂലമാകാമെന്ന് യുഎസ് ജനറല്‍മാര്‍ തന്നോട് പറഞ്ഞതായും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇത് ഏതെങ്കിലും നിര്‍മാണശാലകളിൽ ഉണ്ടാകുന്ന തരത്തിലുള്ള പൊട്ടിത്തെറിയായിരുന്നില്ല. യുഎസ് ജനറൽമാരുടെ അഭിപ്രായത്തില്‍ ഇതൊരു ആക്രമണമായി അവര്‍ കരുതുന്നു. ഏതെങ്കിലും തരത്തിലുള്ള ബോംബായിരുന്നു അത്-്ട്രംപ് പറഞ്ഞു. ലബനന് വേണ്ട സഹായം നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു.
എന്നാൽ ബെയ്‌റൂത്തിലുണ്ടായ സ്‌ഫോടനങ്ങള്‍ ഒരു ആക്രമണമാണെന്ന് ലബനന്‍ അധികൃതര്‍ ഇതുവരെ വിശേഷിപ്പിട്ടില്ല. ബെയ്‌റുത്ത് തുറമുഖ ഭാഗത്തുള്ള ഗോഡൗണില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചെന്നാണ് ലബനന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദയബ് പറഞ്ഞത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആര്‍ക്കായാലും അതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുകയുണ്ടായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ വലിയ സ്‌ഫോടനാത്മക വസ്തുക്കള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നതായി ലബനീസ് ജനറല്‍ സെക്യൂരിറ്റി ചീഫ് അബ്ബാസ് ഇബ്രാഹീമും അറിയിച്ചു. സ്‌ഫോടനങ്ങളില്‍ 73 പേര്‍ മരിച്ചതായും 3700 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് ലബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുള്ളത്.
Content Highlights: Lebanon Explosions "Looks Like A Terrible Attack", Says Trump
Content Highlights: