ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി തുടരും; ആന്തണി ആല്‍ബനീസ് തന്നെ പ്രധാനമന്ത്രി

സിഡ്നി: ഓസ്ട്രേലിയന്‍ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള മധ്യഇടത് കക്ഷിയായ ലേബര്‍പാര്‍ട്ടി വിജയത്തിലേക്ക്. പാര്‍ലമെന്റിലെ 151 അംഗ അധോസഭയില്‍ 78 സീറ്റിലാണ് ലേബര്‍പാര്‍ട്ടി മുന്നിട്ടുനില്‍ക്കുന്നത്. പീറ്റര്‍ ഡ്യൂട്ടണ്‍ നയിക്കുന്ന പ്രതിപക്ഷമായ ലിബറല്‍പാര്‍ട്ടിയാണ് രണ്ടാമത്. അന്തിമഫലമായിട്ടില്ല. എങ്കിലും ഡ്യൂട്ടണ്‍ തോല്‍വിസമ്മതിച്ചു.
യുഎസിന്റെ തീരുവയുദ്ധമുള്‍പ്പെടെ പ്രക്ഷുബ്ധമായ ഭൗമരാഷ്ട്രീയപശ്ചാത്തലത്തില്‍, ഓസ്ട്രേലിയയുടെ സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങളെ സ്ഥിരതയോടെ നിര്‍ത്താനായതാണ് ആല്‍ബനീസിനെ തുണച്ചത്. അതിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍.
21 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയില്‍ തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് ആല്‍ബനീസ്. ആഗോളവെല്ലുവിളികളെ തനതുശൈലിയില്‍ നേരിടാന്‍ ഓസ്ട്രേലിയക്കാര്‍ വിധിയെഴുതിയെന്ന് വിജയാഘോഷത്തില്‍ ആല്‍ബനീസ് പറഞ്ഞു.
24 വര്‍ഷം തന്നെ ജയിപ്പിച്ച പാര്‍ലമെന്റ് സീറ്റ് ഇക്കുറി ഡ്യൂട്ടണ് നഷ്ടപ്പെട്ടു. ട്രംപിന്റെ നയങ്ങളെ പിന്തുണയ്ക്കുന്ന, ചെലവുചുരുക്കാന്‍ അദ്ദേഹമുണ്ടാക്കിയ ഡോജ് വകുപ്പ് പോലൊന്ന് ഓസ്‌ട്രേലിയയില്‍ വേണമെന്ന് വാദിക്കുന്നയാളാണ് ഡ്യൂട്ടണ്‍. അദ്ദേഹത്തെ 'ഡോജ് ഡ്യൂട്ടണ്‍' എന്നാണ് ലേബര്‍പാര്‍ട്ടിക്കാര്‍ വിളിക്കുന്നത്. വിലക്കയറ്റവും ഊര്‍ജമേഖലയിലെ നയങ്ങളുമായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണവിഷയങ്ങള്‍. പണപ്പെരുപ്പം കൂടിയതിനും പലിശനിരക്കിലെ വര്‍ധനയ്ക്കും ആല്‍ബനീസ് സര്‍ക്കാരിനെ ലിബറലുകള്‍ പഴിച്ചു.
രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ട്
30 വര്‍ഷമായി ഓസ്ട്രേലിയയുടെ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായുണ്ട് 62-കാരനായ ആന്തണി ആല്‍ബനീസ്. 1996-ല്‍ 33-ാം വയസ്സില്‍ ആദ്യമായി പാര്‍ലമെന്റിലെത്തി. 2022-ല്‍ പ്രധാനമന്ത്രിയായി.
''എനിക്ക് ടോറികളോട് പൊരുതാനാണ് ഇഷ്ടം, അതേ ഞാന്‍ ചെയ്യൂ'' -ഇതാണ് തന്റെ രാഷ്ട്രീയമന്ത്രമെന്ന് 2012-ല്‍ ആല്‍ബനീസ് പറഞ്ഞിരുന്നു. എതിരാളികളായ ലിബറല്‍പാര്‍ട്ടിയിലെ യാഥാസ്ഥിതികരെയാണ് ടോറികളെന്ന് വിളിക്കുന്നത്.
കഷ്ടപ്പാടുനിറഞ്ഞതായിരുന്നു ബാല്യം. തൂപ്പുജോലിയായിരുന്നു അമ്മ മരിയാന്നെയ്ക്ക്. കൈക്ക് സന്ധിവാതം പിടിപെട്ടതോടെ അതുംനിന്നു. കൗമാരം മുഴുവന്‍ അമ്മയെ പരിചരിക്കാന്‍ ആല്‍ബനീസ് മാറ്റിവെച്ചു. സിഡ്നി സര്‍വകലാശാലയില്‍നിന്ന് ബിരുദംനേടിയപിന്നാലെ 1984-ല്‍ ലേബര്‍പാര്‍ട്ടിയില്‍ ചേര്‍ന്നു.
Content Highlights: Labor Party wins Australian federal election, Anthony Albanese secures second term as Prime Minister