ആരുമറിയാതെ ലെനിന്റെ ഭീമൻപ്രതിമ എടുത്തുമാറ്റി റഷ്യയുടെ സഖ്യകക്ഷിയായ കിർഗിസ്താൻ

ബിഷ്‌കെക്: സോവിയറ്റ് യൂണിയന്റെ സ്ഥാപകനേതാവും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ വ്ലാദിമിർ ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷിയായ കിർഗിസ്താൻ ‘നിശ്ശബ്ദ’മായി എടുത്തുമാറ്റി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെൻട്രൽ സ്‌ക്വയറിൽ തലയുയർത്തിനിന്നിരുന്ന ലെനിൻ പ്രതിമയാണ് ശനിയാഴ്ച അർധരാത്രി ആരുമറിയാതെ നീക്കംചെയ്തത്. 23 മീറ്ററാണ് പ്രതിമയുടെ ഉയരം.
തങ്ങളുടെ ദേശീയസ്വത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പഴയ സോവിയറ്റ് രാജ്യങ്ങളെല്ലാം സോവിയറ്റ്കാല മുദ്രകളും നേതാക്കളുടെ സ്മാരകങ്ങളും മാറ്റിസ്ഥാപിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് കിർഗിസ്താന്റെയും നീക്കം. എവിടേക്കുമാറ്റിയെന്ന് വ്യക്തമല്ല. 19-ാം നൂറ്റാണ്ടിലാണ് റഷ്യൻ സാമ്രാജ്യത്തിനൊപ്പം കിർഗിസ്താൻ കൂട്ടിച്ചേർക്കപ്പെട്ടത്. 1917-ലെ ബോൾഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991-ൽ സോവിയറ്റ് യൂണിയനിൽനിന്ന് സ്വാതന്ത്ര്യം നേടി.
Content Highlights: Kyrgyzstan secretly removes a massive Lenin statue