‘തലച്ചോറിൽ രക്തസ്രാവം, കോമയിൽ, ജീവൻ രക്ഷിക്കാനായില്ല’; അഭ്യൂഹങ്ങൾക്കിടെ കിമ്മിന്റെ പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ

#ന്യൂസ് ഡെസ്ക്
ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ. പുറത്തുവിട്ട ചിത്രത്തിൽ, പ്യോങ്യാങ്ങിലെ വസ്ത്ര, പാദരക്ഷാ പ്രദർശന ഹാളുകൾ സന്ദർശിക്കുന്ന കിം ജോങ് ഉന്നും കൾ കിം ജൂ അവും | Photo: KCNA VIA KNS / AFP
ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ. പുറത്തുവിട്ട ചിത്രത്തിൽ, പ്യോങ്യാങ്ങിലെ വസ്ത്ര, പാദരക്ഷാ പ്രദർശന ഹാളുകൾ സന്ദർശിക്കുന്ന കിം ജോങ് ഉന്നും കൾ കിം ജൂ അവും | Photo: KCNA VIA KNS / AFP

പ്യോങ്യാങ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് ഉത്തരകൊറിയ. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് കോമയിലാവുകയും മരണപ്പെടുകയും ചെയ്തുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഒരു പ്രദർശന നഗരിയിൽ വസ്ത്രങ്ങളും പാദരക്ഷകളും പരിശോധിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

തിങ്കളാഴ്ചയാണ് ഉത്തരകൊറിയൻ ഔദ്യോഗിക മാധ്യമങ്ങൾ ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദർശനത്തിനിടെ കിം കുട്ടികളുടെ ചെരിപ്പുകൾ പരിശോധിക്കുന്നതും ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുന്നതും കോട്ടുകൾ നിരീക്ഷിക്കുന്നതും ചിത്രങ്ങളിലുണ്ട്. കിം പ്രദർശനം സന്ദർശിച്ചതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ.യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, ഈ ചിത്രങ്ങൾ എന്ന് എടുത്തതാണെന്ന കാര്യം വ്യക്തമല്ലെന്നും ഇവയുടെ ആധികാരികത സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കിമ്മിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് ചിത്രങ്ങൾ പുറത്തുവന്നത്.

ചൈനീസ് വിമതനായ വാൻജുൻ ഷീ ഞായറാഴ്ച 'എക്സ്' പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച അവകാശവാദങ്ങളോടെയാണ് പുതിയ അഭ്യൂഹങ്ങൾ ശക്തമായത്. കിം മരണപ്പെട്ടുവെന്നും ഭരണമാറ്റ പ്രതിസന്ധി ഭയന്ന് ചൈന പ്യോങ്യാങ്ങിലേക്ക് 9,000 സൈനികരെ അയച്ചുവെന്നുമായിരുന്നു വാൻജുൻ ഷീയുടെ അവകാശവാദം. തലച്ചോറിലുണ്ടായ ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് കിമ്മിനെ ചികിത്സിക്കാൻ ബീജിംഗിലെ പെക്കിംഗ് യൂണിയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ധ സംഘം ഉത്തരകൊറിയയിലേക്ക് പോയെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.

വാൻജുൻ ഷീയുടെ വിവരണം പ്രകാരം കോമയിലായ കിമ്മിനെ അടിയന്തര ചികിത്സയ്ക്കായി ബീജിംഗിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ലെന്നായിരുന്നു അവകാശവാദം. കിമ്മിന്റെ മൃതദേഹം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരിച്ചെത്തിച്ചെന്നും ഇയാൾ ആരോപിച്ചിരുന്നു.

Content Highlights: North Korea has released new photos of leader Kim Jong Un to dismiss viral social media rumors regarding his health and alleged death.